തിരുവനന്തപുരം
കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാൻഡ് കണക്ഷനായ കെ ഫോണിന്റെ ഇൻട്രാനെറ്റ് സേവനത്തിന് ആവശ്യക്കാരേറുന്നു. ഉപയോക്താക്കളുടെ എണ്ണം ഇതിനകം 3500ലേറെയായി. സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളാണ് കെ ഫോണിന്റെ ഈ സൗകര്യം ഉപയോഗപ്പെടുത്തി വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് അവർക്കിടയിൽ തന്നെ ആശയവിനിമയം നടത്താനും വിവരങ്ങൾ ലഭ്യമാക്കാനും അനുവദിക്കുന്ന നെറ്റ്‌വർക്കാണ് ഇൻട്രാനെറ്റ്.
എംപിഎൽഎസ് എൽ2വിപിഎൻ, എംപിഎൽഎസ് എൽ3വിപിഎൻ, എഫ്ടിടിഎച്ച് ഇൻട്രാനെറ്റ് തുടങ്ങിയ സേവനങ്ങളാണ് കെ ഫോൺവഴി ഉപയോഗിക്കുന്നത്. എംപിഎൽഎസ് എൽ2വിപിഎൻ, എംപിഎൽഎസ് എൽ3വിപിഎൻ സേവനങ്ങൾവഴി ബന്ധപ്പെടുത്തിയ ഓഫീസുകൾക്ക് പോയിന്റ് ടു പോയിന്റ് സേവനങ്ങൾ ഉപയോഗപ്പെടുത്താം.
ഇന്റർനെറ്റിന്റെ സഹായമില്ലാതെ ഇത്തരത്തിൽ പ്രധാന ഓഫീസും ശാഖകളും തമ്മിലും ശാഖകൾ തമ്മിൽ തമ്മിലും, പ്രധാന ഓഫീസുകൾ തമ്മിലും ഡാറ്റ കൈമാറ്റവും മറ്റും നടത്താനാകും. സ്വകാര്യതയും ഡാറ്റാ വേഗവും ഉറപ്പാക്കാനാകും. കെ ഫോൺ ഇൻട്രാനെറ്റ് സേവനം ഉപയോഗപ്പെടുത്തി സംസ്ഥാന ഡാറ്റ സെന്ററിൽനിന്ന് ആപ്ലിക്കേഷനുകൾ സർക്കാർ ഓഫീസുകളിൽ ഉപയോഗപ്പെടുത്തുന്നുണ്ട്.
പവർഗ്രിഡ് ടെലി സർവീസസ്, ഐ ടി മിഷൻ, കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ, കെ-ഡിസ്ക്, തിരുവനന്തപുരം നഗരസഭ, കെഎസ്ഇബി, ട്രഷറി വകുപ്പ്, ഇ-ഹെൽത്ത്, കൃഷി ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, കൈറ്റ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങി ഒട്ടേറെ സ്ഥാപങ്ങളാണ് കെ ഫോൺ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..