22 November Friday

കുതിക്കുന്നു കെ ഫോൺ ; 1000 കടന്ന്‌ വാണിജ്യ കണക്‌ഷൻ

സ്വന്തം ലേഖകൻUpdated: Tuesday Aug 27, 2024


കൊച്ചി
കെ ഫോൺ വാണിജ്യ കണക്‌ഷൻ ജില്ലയിൽ 1000 കടന്നു. തിങ്കൾവരെയുള്ള കണക്കുകൾപ്രകാരം 1018 വാണിജ്യ കണക്‌ഷൻ നൽകിക്കഴിഞ്ഞു. എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യമാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ  ഇച്ഛാശക്തിയിൽ കുതിക്കുകയാണ്‌ ജില്ലയിലെ കെ ഫോൺവരിക്കാരുടെ എണ്ണം.

1377 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ കണക്‌ഷൻ നൽകി. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള 384 കുടുംബങ്ങൾക്ക്‌ സൗജന്യ കണക്‌ഷനും ലഭ്യമാക്കി.  മൂന്നു വിഭാഗങ്ങളിലുമായി കെ ഫോൺ കണക്‌ഷനുകളുടെ എണ്ണം 2779 ആയി. കെ ഫോൺ കണക്‌ഷനുകൾ നൽകാൻ 265 കേബിൾ ഓപ്പറേറ്റർമാർ കരാർ ഒപ്പിട്ടു. ഇതിൽ 163 പേർക്ക്‌ കെ ഫോണിന്റെ ലിങ്ക്‌ കൈമാറി. കരാർ ഒപ്പുവച്ച കേബിൾ ഓപ്പറേറ്റർമാർ 5000 രൂപയുടെ വാലറ്റ്‌ പേമെന്റ്‌ നടത്തിയിരുന്നു. പേമെന്റ്‌ നടത്തിയവർക്കാണ്‌ ഒഎഫ്‌സിവഴിയുള്ള ലിങ്ക്‌ അധികൃതർ കൈമാറിയത്‌. ജില്ലയിൽ 97 ശതമാനം പ്രദേശത്തും കെ ഫോൺ കേബിൾ സ്ഥാപിച്ചു. മട്ടാഞ്ചേരി, തേവര ഭാഗത്ത്‌ കേബിൾ വലിക്കൽ പുരോഗമിക്കുകയാണ്‌. ഗ്രാമങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കെ ഫോൺ എത്തി.

അതിവേഗ ഇന്റർനെറ്റ്‌, കുറഞ്ഞ താരിഫ്‌, വിശ്വാസ്യത എന്നിവയാണ്‌ കെ ഫോണിന്റെ പ്രധാന ആകർഷണം. രാഷ്ട്രീയലക്ഷ്യത്തോടെയുള്ള ആരോപണങ്ങളും അട്ടിമറിനീക്കങ്ങളും അതിജീവിച്ചാണ്‌ കെ ഫോണിന്റെ കുതിപ്പ്‌. അഴിമതിയാരോപണങ്ങൾ ഉന്നയിച്ച്‌ പദ്ധതിയെ തകർക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, എൽഡിഎഫ്‌ സർക്കാർ നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയി. സംസ്ഥാനത്താകെ ഇതിനകം 23,000ൽ അധികം വാണിജ്യ കണക്‌ഷനുകൾ നൽകി.

വരൂ കെ ഫോണിലേക്ക്‌
കേബിൾ ഓപ്പറേറ്റർമാർക്കും ജനങ്ങൾക്കും പദ്ധതി അതിവേഗം ലഭ്യമാക്കാൻ കഴിയുംവിധമാണ്‌ കെ ഫോണിന്റെ പ്രവർത്തനം. 18005704466 എന്ന ട്രോൾ ഫ്രീ നമ്പറിൽ വിളിച്ചാൽ ഓപ്പറേറ്റർമാർക്ക്‌ കെ ഫോൺ പദ്ധതിയിൽ പങ്കാളിയാകാനുള്ള വിവരം ലഭിക്കും. കണക്‌ഷൻ ലഭ്യത, സേവനദാതാക്കൾ, താരിഫ്‌ തുടങ്ങിയ വിവരങ്ങൾക്കും സേവനങ്ങൾക്കുമായി ഈ നമ്പറിൽ ബന്ധപ്പെടാം. കെ ഫോൺ ഏറ്റവും കുറഞ്ഞ താരിഫ്‌ ഒരുമാസത്തേക്ക്‌ ജിഎസ്‌ടി ഉൾപ്പെടെ 353 രൂപയുടെ പ്ലാനാണ്‌. ഇതിൽ സെക്കൻഡിൽ 20 എംബി സ്‌പീഡിലാണ്‌ ഇന്റർനെറ്റ്‌ സൗകര്യം ലഭിക്കുന്നത്‌. 412 രൂപയുടെ 30 എംബി, 1474 രൂപയുടെ 250 എംബി എന്നിവ കൂടാതെ ആറുമാസം, ഒരുവർഷം പ്ലാനുകളുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top