29 December Sunday

കണക്ടിങ്‌ ദി അണ്‍ കണക്ടഡുമായി കെ ഫോൺ ; ആദിവാസി മേഖലകളും ഡിജിറ്റലാകും

സ്വന്തം ലേഖകൻUpdated: Thursday Nov 28, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ ആദിവാസി മേഖലകളെ മുഴുവൻ ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതിയുമായി കെഫോൺ. ‘കണക്ടിങ്‌ ദി അൺ കണക്ടഡ്’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരം കോട്ടൂരിലെ ചോനംപാറ, വാലിപ്പാറ ആദിവാസി മേഖലകളിലെ 103 വീടുകൾക്ക് കെഫോൺ കണക്ഷൻ നൽകി. വിവിധ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും പ്രദേശിക അടിസ്ഥാന സൗകര്യ വികസന ഫണ്ടും  പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്‌. സൗത്ത് ഇന്ത്യൻ ബാങ്കാണ് കോട്ടൂരിലെ കണക്ഷന് സാമ്പത്തിക സഹായം നൽകിയത്. 

ഇന്റർനെറ്റ് കടന്നുചെല്ലാൻ പ്രയാസമുള്ള ഇത്തരം ഇടങ്ങളിലേക്ക്‌ ഫൈബറുകൾ വിന്യസിക്കുന്നതുവഴി ഈ മേഖലയിലും സമീപ പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് കണക്ഷനും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാനാകും. മറ്റു സർവീസ് പ്രൊവൈഡർമാർക്കും കെഫോൺ ഫൈബർ ലീസിനെടുത്ത് ഇന്റർനെറ്റ് സേവനം നൽകാനാകും.

കോട്ടൂരിൽ നൽകിയ കണക്ഷനിൽനിന്ന് വാലിപ്പാറയിലെയും ചോനമ്പാറയിലെയും രണ്ടു പഠന മുറികളിലും 103 വീടുകളിലും ഇന്റർനെറ്റ് കണക്ഷൻ നൽകി. വയനാട് പന്തലാടിക്കുന്നിൽ കെഫോൺ നേരിട്ട് നൽകിയ കണക്ഷനുകളിൽനിന്ന് രണ്ട് വൈഫൈ ആക്‌സസ് പോയിന്റ് കണക്ഷൻ വഴി പത്തിലധികം വീടുകളിൽ ഇന്റർനെറ്റ് സേവനം നൽകുന്നുണ്ട്‌. അട്ടപ്പാടിയിലെ ആദിവാസി മേഖലയിൽ 250ലധികം വാണിജ്യ കണക്ഷനുകളും കെഫോൺ നൽകിയിട്ടുണ്ട്. റാന്നി, വടശ്ശേരിക്കര, ശബരിമല, വയനാട്, ഇടുക്കി ജില്ലയിലെ മലയോരമേഖലകൾ ഉൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലും കെഫോൺ സേവനം ഉറപ്പുവരുത്താനായി.  ഇന്റർനെറ്റ് അവകാശമാക്കിയ കേരളത്തിൽ ആരും  മാറ്റിനിർത്തപ്പെടരുതെന്ന പദ്ധതി നടപ്പാക്കുന്നതെന്ന്  കെഫോൺ എംഡി ഡോ. സന്തോഷ് ബാബു പറഞ്ഞു.

ആദിവാസി മേഖലകളിൽ സൗജന്യമായി നൽകിയ കണക്ഷനുകൾക്കു പുറമെയാണ് കണക്ടിങ്‌ ദി അൺകണക്ടഡ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top