17 September Tuesday

കെ ഫോൺ സേവനങ്ങൾ ടെക്നോപാര്‍ക്കിലും ; നടപടി ഐടി ആവാസവ്യവസ്ഥയ്ക്ക് ഗുണകരം

സ്വന്തം ലേഖികUpdated: Friday Aug 23, 2024

ടെക്‌നോപാർക്കിൽ കെ ഫോൺ സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രം സിഇഒ കേണൽ(റിട്ട) സഞ്ജീവ് നായർ കെ ഫോൺ എംഡി ഡോ. സന്തോഷ് ബാബുവിന് കൈമാറുന്നു

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റായ കെ ഫോണിന്റെ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്‌) സേവനം ഇനി ടെക്‌നോപാർക്ക്‌ ക്യാമ്പസിലും. ക്യാമ്പസിലെ കെ ഫോൺ വാണിജ്യ ഇന്റർനെറ്റ്‌ സേവനങ്ങളുടെ ഉദ്‌ഘാടനം ടെക്നോപാർക്ക് സിഇഒ കേണൽ(റിട്ട) സഞ്ജീവ് നായർ നിർവഹിച്ചു. "സിനർജി 2024' എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഉദ്‌ഘാടനം.

പദ്ധതി ടെക്നോപാർക്കിന് നാഴികക്കല്ലാണെന്നും കെ ഫോൺ സേവനങ്ങൾ പാർക്കിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന പങ്കുവഹിക്കുമെന്നും സഞ്ജീവ്‌ നായർ പറഞ്ഞു. ഉദ്യോഗസ്ഥരും ജീവനക്കാരും കെ ഫോൺ കണക്ടിവിറ്റി പരമാവധി പ്രയോജനപ്പെടുത്തണം. ടെക്നോപാർക്കിലെ ഐടി ആവാസവ്യവസ്ഥയ്ക്ക് കെ ഫോൺ കണക്ടിവിറ്റിയുടെ നേട്ടങ്ങൾ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്‌ 23,000 വീടുകളിൽ കെ ഫോൺ കണക്ഷനുകൾ സ്ഥാപിച്ചിട്ടുണ്ട്‌. കെ ഫോണിന്റെ സുഗമമായ കണക്ടിവിറ്റി ഐടി വ്യവസായത്തിന് മുതൽക്കൂട്ടാകുമെന്നാണ്‌ പ്രതീക്ഷ. ടെക്നോപാർക്കിലെ പ്രവർത്തനം കെ ഫോണിന് കൂടുതൽ കരുത്തുപകരുമെന്ന്‌ കെ ഫോൺ  മാനേജിങ്‌ ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.

സംസ്ഥാനത്തെ 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്ക്‌ സൗജന്യമായും മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കേരളം കെ ഫോൺ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. കെ ഫോൺ ചീഫ് ടെക്നിക്കൽ ഓഫീസർ രാജ കിഷോർ യല്ലാമതി,  നാസ്കോം റീജണൽ മേധാവി എം എസ് സുജിത് ഉണ്ണി, ജിടെക് വൈസ് ചെയർമാൻ പ്രസാദ് വർഗീസ്, കെ ഫോൺ ജനറൽ മാനേജർ മോസസ് രാജ്കുമാർ, കെ ഫോൺ സിഎഫ്ഒ രശ്മി കുറുപ്പ് എന്നിവരും  പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top