05 November Tuesday
പദ്ധതികളെ 
രാഷ്‌ട്രീയലക്ഷ്യത്തോടെ കണ്ണടച്ച്‌ എതിർക്കുന്ന പ്രതിപക്ഷത്തിന്‌ 
കോടതിയുടെ പ്രഹരം

കെ ഫോണിന്‌ ക്ലീൻചിറ്റ്‌ ; ‘റേഞ്ച് ’ നഷ്ടപ്പെട്ട്‌ പ്രതിപക്ഷം

ദിനേശ്‌ വർമUpdated: Saturday Sep 14, 2024


തിരുവനന്തപുരം
രാജ്യത്തിന്‌ മാതൃകയായ കെ ഫോൺ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നേതൃത്വത്തിൽ നടന്ന ഹീനശ്രമത്തിനേറ്റ തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്‌. സർക്കാരിന്റെ എല്ലാ പദ്ധതികളെയും രാഷ്‌ട്രീയലക്ഷ്യത്തോടെ കണ്ണടച്ച്‌ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ പതിവ്‌ രീതികൾക്ക്‌ കോടതിയെ ദുരുപയോഗം ചെയ്യുന്നതിന്‌ തുടർച്ചയായി കിട്ടുന്ന പ്രഹരംകൂടിയാണിത്‌. ലോകായുക്ത, എഐ കാമറ വിഷയങ്ങളിലും പ്രതിപക്ഷത്തിന്‌ കോടതിയിൽനിന്ന്‌ തിരിച്ചടി നേരിട്ടിരുന്നു.

സാമൂഹ്യ ഉത്തരവാദിത്വത്തോടെയുള്ള ഇടപെടലിന്‌ ബാധ്യസ്ഥരായ പ്രതിപക്ഷവും മാധ്യമങ്ങളും കുറേക്കൂടി അവധാനതയോടെയും സൂക്ഷ്‌മതയോടെയും ഇത്തരം കാര്യങ്ങളെ കാണണമെന്ന മുന്നറിയിപ്പു കൂടിയാണ്‌ കോടതി ഉത്തരവ്‌. കെ ഫോൺ അഴിമതി സിബിഐക്ക്‌ വിടണമെന്ന ആവശ്യത്തെ ‘പ്രഥമ ദൃഷ്ട്യാപോലും ഇടപെടേണ്ട കാര്യമില്ല’ എന്നാണ്‌ ഹൈക്കോടതി വ്യക്തമാക്കിയത്‌.

ഗൗരവമേറിയ നിരീക്ഷണങ്ങളും കോടതിയിൽനിന്നുണ്ടായി. പദ്ധതിയുടെ പ്രാഥമികമായ വിവരശേഖരണം പോലും നടത്താതെ സിഎജിയുടെ ചില അന്വേഷണ പരാമർശങ്ങളിൽ പിടിച്ച്‌ പൊതുതാൽപര്യമെന്ന പേരിൽ ഹർജി നൽകിയ രീതിതന്നെ തെറ്റാണ്‌. കരാർ പ്രകാരം പദ്ധതി നടപ്പാക്കിത്തുടങ്ങി നാലുവർഷത്തിനുശേഷം ഇത്തരമൊരു പരാതി കൊണ്ടുവന്നതും അനവസരത്തിലായി. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെട്ട കൺസോർഷ്യത്തിന്‌ കരാർ നൽകിയതിലോ, കരാർ വ്യവസ്ഥ പ്രകാരം അഡ്വാൻസ്‌ തുക നൽകിയതിലോ അപാകമില്ല.

ബിഎച്ച്‌ഇഎൽ കൺസോർഷ്യത്തിനൊപ്പം ടെൻഡർ നൽകിയ മറ്റ്‌ കൺസോർഷ്യങ്ങൾക്കും പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഒരുവർഷത്തെ മെയിന്റനൻസും നടത്തിപ്പും മാത്രം ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ തുകയും (1028.20) ഏഴുവർഷത്തെ മെയിന്റനൻസ്‌ നടത്തിപ്പും ചേർത്തുള്ള ആകെ ലേലത്തുകയും (1531.68) തമ്മിലുള്ള വ്യത്യാസം അഴിമതിയാണ്‌ എന്ന സതീശന്റെ കണ്ടെത്തൽ ഇതോടെ പരിഹാസ്യമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top