കോട്ടയം
കേരള ഗവ. നഴ്‌സസ് അസോസിയേഷൻ(കെജിഎൻഎ) 67–ാം സംസ്ഥാന സമ്മേളനത്തിന് നഴ്‌സുമാരുടെ പ്രകടനത്തോടെ സമാപനം. കോട്ടയം പട്ടണത്തിൽ നടന്ന റാലിക്കു ശേഷം തിരുനക്കരയിൽ ചേർന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് ടി ഷൈനി ആന്റണി അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, സ്വാഗതസംഘം ചെയർമാൻ എ വി റസൽ, ജനറൽ കൺവീനർ ഹേന ദേവദാസ്, സിഐടിയു കോട്ടയം ജില്ലാ പ്രസിഡന്റ് റെജി സക്കറിയ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി "പൊതുജനാരോഗ്യം: സുശക്തം, ജനകീയം, രോഗീസൗഹൃദം' എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡോ. ബി ഇക്‌ബാൽ ഉദ്‌ഘാടനം ചെയ്‌തു. കെ പി ഷീന അധ്യക്ഷയായി. പൊതുജനാരോഗ്യ വിദഗ്‌ധൻ ഡോ. ടി എസ് അനീഷ്, ടി സുബ്രഹ്മണ്യൻ, കെ ജി ഗീതാമണി എന്നിവർ സംസാരിച്ചു.
യാത്രയയപ്പ്–-അനുമോദന സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത ഉദ്‌ഘാടനം ചെയ്തു. സി ടി നുസൈബ അധ്യക്ഷയായി. നിഷ ഹമീദ്, എം ആർ രജനി എന്നിവർ സംസാരിച്ചു.
യാത്രയയപ്പ് നൽകിയ ഹേന ദേവദാസ്, ടി കെ ശാന്തമ്മ, ടി ഡി ബീന, സി എം സാബു, സി എം ഉഷാറാണി, ബേബി സുധേഷ് എന്നിവർ മറുപടി പറഞ്ഞു. മികച്ച നഴ്സിനുള്ള ലിനി പുതുശേരി അവാർഡ് നേടിയ ഗീത സുരേഷ്ബാബുവിന് ഉപഹാരം നൽകി.ടി ടി ഖമറു സമൻ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ മറുപടി പറഞ്ഞു.
എല്ലാ ആശുപത്രികളിലും എട്ട് മണിക്കൂർ ജോലി നടപ്പാക്കണം
കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രികളിലും എട്ട് മണിക്കൂർ ജോലി സമ്പ്രദായം നടപ്പാക്കണമെന്ന് കെജിഎൻഎ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നഴ്‌സുമാർ 12 മുതൽ 14 മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം പല ആശുപത്രികളിലുമുണ്ട്. 1980 മുതൽ ഘട്ടംഘട്ടമായി ജില്ലാ ആശുപത്രിതലം വരെ എട്ടുമണിക്കൂർ ജോലി നടപ്പാക്കിയെങ്കിലും അതിനുതാഴെയുള്ള സ്ഥാപനങ്ങളിൽ ഇനിയും നടപ്പാക്കിയിട്ടില്ല. ഹോമിയോപ്പതി നഴ്‌സുമാരുടെ ശമ്പളത്തിലെ അപാകം പരിഹരിക്കണം. ഉയർന്ന പ്രൊമോഷൻ തസ്‌തികകൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ഇൻഷുറൻസ് മെഡിക്കൽ സർവീസ് ഡിപ്പാർട്ട്‌മെന്റിലും അനുവദിക്കണം. നഴ്‌സിങ് ഇതര ജോലികളിൽനിന്ന് നഴ്‌സുമാരെ ഒഴിവാക്കണം. താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സ്റ്റാഫ് നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഷൈനി ആന്റണി പ്രസിഡന്റ്,
ടി സുബ്രഹ്മണ്യൻ ജനറൽ സെക്രട്ടറി
കേരള ഗവ. നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി ഷൈനി ആന്റണിയെയും ജനറൽ സെക്രട്ടറിയായി ടി സുബ്രഹ്മണ്യനെയും കോട്ടയത്തു ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ ബി സുധീഷ്‌കുമാർ(ട്രഷറർ), കെ പി ഷീന, എസ് എസ് ഹമീദ്, എം ആർ രജനി (വൈസ് പ്രസിഡന്റുമാർ), നിഷ ഹമീദ്, എൽ ദീപ, ടി ടി ഖമറു സമൻ(സെക്രട്ടറിമാർ), അനിൽകുമാർ, കെ വി ബിന്ദുമോൾ(ഓഡിറ്റർമാർ). അമ്പത്തിമൂന്നംഗ സംസ്ഥാന കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..