തിരുവനന്തപുരം
കെഎസ്‌എഫ്‌ഇ ഗ്യാലക്‌സി ചിട്ടികളുടെ നറുക്കെടുപ്പ് വിജയികൾക്ക് ഖാദി സെറ്റും മുണ്ടും ഡബിൾ മുണ്ടും സമ്മാനമായി നൽകും. മെഗാ സമ്മാനങ്ങൾക്കു പുറമെ ഓരോ ചിട്ടിയിലും പത്തിൽ ഒരാൾക്കു വീതമാണ് സമ്മാനം. ഇതിനായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് 25,000 സെറ്റിനും മുണ്ടിനും ഡബിൾ മുണ്ടിനും കെഎസ്‌എഫ്‌ഇ ഓർഡർ നൽകി. പരമ്പരാഗത വ്യവസായങ്ങൾ വലിയ വെല്ലുവിളി നേരിടുന്ന അവസരത്തിൽ ഖാദി ബോർഡിനു ലഭിച്ച വലിയ സഹായമാണ് കെഎസ്‌എഫ്‌ഇയുടെ ഓർഡറെന്ന് വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഓണത്തോട് അനുബന്ധിച്ച് ഖാദി ഉൽപ്പന്നങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റും സർക്കാർ അർധ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് ഒരുലക്ഷം രൂപയുടെ ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഖാദി ബോർഡ് ഓണം വിപണനമേളയുടെ സംസ്ഥാന ഉദ്‌ഘാടനം 19ന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഖാദി ബോർഡിന്റെ ഓണം സമ്മാനപദ്ധതിയിൽ ഓരോ 1000 രൂപയുടെ ബില്ലിനും നൽകുന്ന കൂപ്പൺ നറുക്കിട്ട് ഒന്നാം സമ്മാനമായി 5000 രൂപയുടെയും രണ്ടാം സമ്മാനമായി 3000 രൂപയുടെയും മൂന്നാം സമ്മാനമായി 1000 രൂപയുടെയും ഖാദി ഉൽപ്പന്നങ്ങൾ നൽകും. ജില്ലതോറും ആഴ്‌ചയിൽ ഒരിക്കലാണ് നറുക്കെടുപ്പ്. ഷോറൂം വഴിയുള്ള വിൽപ്പനയ്‌ക്കു പുറമെ സർക്കാർ, സഹകരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പനയും പ്രദർശനവും നടക്കും.
കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, ഖാദി ബോർഡ് ഡയറക്ടർമാരായ സാജൻ തൊടുക, എസ് ശിവരാമൻ, സെക്രട്ടറി കെ എ രതീഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..