08 September Sunday

കേന്ദ്ര സബ്‌സിഡി മുടങ്ങി;
പ്രതിസന്ധിയിലായി ഖാദി സംരംഭകർ

സ്വന്തം ലേഖകൻUpdated: Monday Jul 15, 2024

photo credit: facebook

 
കാസർകോട്‌> ചെറുകിട വ്യവസായങ്ങൾക്ക്‌ ഖാദി ആൻഡ്‌ വില്ലേജ്‌ ഇൻഡസ്‌ട്രീസ്‌ കമീഷൻ വഴി നടപ്പാക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ സബ്‌സിഡി മുടങ്ങിയതോടെ ഖാദി സംരംഭകർ പ്രതിസന്ധിയിൽ. സംരംഭം പരിശോധിക്കുന്ന സംവിധാനം സ്വകാര്യ ഏജൻസിക്ക്‌ കൈമാറിയതാണ്‌ സബ്‌സിഡി മുടങ്ങാൻ കാരണം.
 
സംരംഭക യൂണിറ്റ്‌ പ്രവർത്തനക്ഷമമാണോയെന്ന്‌ പരിശോധിച്ചിരുന്നത്‌ കെവിഐസി, കെവിഐബി, ഡിഐസി തുടങ്ങിയ സർക്കാർ ഏജൻസികളായിരുന്നു. 2016 മുതൽ കേന്ദ്ര സർക്കാർ ഈ ഏജൻസികളെ ഒഴിവാക്കുകയും പകരം മുംബൈ ആസ്ഥാനമായ ‘ജെനസിസി’നെ ചുമതലപ്പെടുത്തുകയും ചെയ്‌തു. ഈ സ്വകാര്യ ഏജൻസി യഥാസമയം പരിശോധിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ടേം നിക്ഷേപമായി ബാങ്കിലെത്തിയ സബ്സിഡിത്തുക സംരംഭകന്റെ അക്കൗണ്ടിലേക്കു മാറ്റി വായ്‌പാത്തുക കുറയ്‌ക്കാൻ കഴിയുന്നില്ല.
 
സബ്‌സിഡിത്തുക ബാങ്കിൽ നിക്ഷേപിച്ചിട്ടും വായ്‌പയിൽ വരവുവയ്‌ക്കാത്തതിനാൽ വായ്‌പയെടുത്ത മുഴുവൻ തുകയും തിരിച്ചടയ്‌ക്കേണ്ട അവസ്ഥയിലാണ്‌ സംരംഭകർ. പദ്ധതിച്ചെലവിന്റെ 15 മുതൽ 35 ശതമാനംവരെ സബ്‌സിഡിയായി അനുവദിക്കുന്നുണ്ട്‌. ഈ തുക വായ്‌പയെടുത്ത ബാങ്കിൽ സംരംഭകന്റെ പേരിൽ മൂന്നുവർഷത്തേക്ക്‌ നിക്ഷേപിക്കുകയാണ്‌ പതിവ്‌. മൂന്നുവർഷം പൂർത്തിയാകുമ്പോൾ വായ്‌പയിലേക്ക് വരവുവയ്‌ക്കും. ബാക്കിതുക മാത്രമേ ബാങ്ക് സംരംഭകനിൽനിന്ന്‌ ഈടാക്കേണ്ടതുള്ളൂ.
 
സബ്സിഡിത്തുക സംരംഭകന്റെ പേരിൽ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപമായാൽ ഇതുകഴിച്ചുള്ള തുകയ്‌ക്കുമാത്രമേ ധനകാര്യസ്ഥാപനങ്ങൾ പലിശ ഈടാക്കാൻ പാടുള്ളൂ. ഫണ്ട്‌ യഥാസമയം എത്താത്തതിനാൽ അധിക പലിശകൂടി നൽകേണ്ട അവസ്ഥയിലാണ്‌ സംരംഭകർ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top