02 November Saturday
ചരിത്രനേട്ടത്തിന്റെ ഭാഗമായി എ എസ് വിവേക്

ഇടിയുടെ ‘ഇന്ത്യൻ കൺട്രോളർ’

എസ്‌ ഒ ദിനുUpdated: Saturday Nov 2, 2024

കിക്ക് ബോക്സിങ് മത്സരത്തിൽ റഫറിയായി എ എസ് വിവേക്

തിരുവനന്തപുരം> വേൾഡ് കപ്പ് കിക്ക് ബോക്സിങ്ങിലും ഏഷ്യൻ കിക്ക്ബോക്സിങ്ങിലും മത്സരങ്ങൾ നിയന്ത്രിച്ച് ചരിത്രം കുറിച്ച് തിരുവല്ലം രാമനിലയത്തിൽ എ എസ് വിവേക്. ഇന്ത്യയിൽനിന്നുള്ള ആദ്യ റഫറിയാണ് വിമുക്തഭടനായ മുപ്പത്തെട്ടുകാരൻ. സെപ്തംബറിൽ ഉസ്‌ബെക്കിസ്ഥാനിൽ നടന്ന വാക്കോ വേൾഡ്കപ്പ് കിക്ക് ബോക്സിങ്ങിലും ഒക്ടോബറിൽ കംബോഡിയയിൽ നടന്ന ഏഷ്യൻ കിക്ക്ബോക്സിങ്ങിലും വിവേക് മത്സരങ്ങൾ നിയന്ത്രിച്ചു. മുമ്പ്‌ വേൾഡ് കോംബാറ്റ് ഗെയിംസിലും യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഇന്ത്യയിൽനിന്നുള്ള ഏക റഫറി കൂടിയായിരുന്നു.

ഒളിമ്പിക്സിൽ ബോക്സിങ്ങിലെ ഇന്ത്യയുടെ അഭിമാനമാകാനുള്ള കഠിന പരിശ്രമത്തിലാണ് വിവേക്. നിലവിൽ കിക്ക് ബോക്സിങ്ങിൽ ഇന്ത്യൻ ടീമിന്റെ മുൻ കോച്ചും ഇന്റർനാഷണൽ റഫറിയുമാണ്. മൂവി പുഷ്അപ്പിൽ വേൾഡ് റെക്കോഡ് ഹോൾഡറുംകൂടിയാണ്. കേരള സ്റ്റേറ്റ് അമച്വർ കിക്ക് ബോക്സിങ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി, ടെക്നിക്കൽ ഡയറക്ടർ, ഇന്റർനാഷണൽ റഫറി, വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി സ്പോർട്സ് അം​ഗം, റിങ് സ്പോർട്സിൽ ഇന്ത്യൻ ചീഫ് റഫറി ടെക്നിക്കൽ കമ്മിറ്റി, വേൾഡ് റഫറി കമ്മിറ്റി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

പ്ലസ് ടു പഠനത്തോടൊപ്പം കോച്ച് പ്രേംനാഥിന്റെ കീഴിലാണ് ബോക്സിങ് പരിശീലനം തുടങ്ങിയത്. പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ കോച്ച് സർട്ടിഫിക്കറ്റ് നേടി. തുടർന്ന് സ്വയം പ്രതിരോധവും ശാരീരികക്ഷമതയും വർധിപ്പിക്കുന്നതിന് കിക്ക് ബോക്സിങ് പരിശീലനം ആരംഭിച്ചു. ഇരു വിഭാ​ഗങ്ങളിലും പോരാടി വിജയം കൊയ്തു. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ നിരവധി ശിഷ്യന്മാരും വിവേകിനുണ്ട്. കുമാരപുരം സ്വദേശിയായ വിവേക് തിരുവല്ലത്താണ്‌ ഇപ്പോൾ താമസം, മലപ്പുറം മൂത്തേടം ഹയർ സെക്കൻഡറി അധ്യാപിക വി എസ് വിനീതയാണ് ഭാര്യ. മക്കൾ: വിശ്വജിത്ത്, വിയോമി. മകൻ വിശ്വജിത്ത് കിക്ക് ബോക്സിങ്ങിൽ നാഷണൽ താരമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top