26 December Thursday

തീൻമേശയുടെ കാലിൽ ചുറ്റി രാജവെമ്പാല; പിടികൂടി വനത്തിൽ വിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2024

കോന്നി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് ഏബ്രഹാമിന്റെ വീട്ടിലെ തീൻമേശയുടെ കാലിൽ ചുറ്റിയിരിക്കുന്ന രാജവെമ്പാല

കോന്നി > വീടിനുള്ളിലെ തീൻമേശയുടെ കാലിൽ ചുറ്റിയിരുന്ന രാജവെമ്പാലയെ വനപാലകർ പിടികൂടി ഉൾവനത്തിൽ വിട്ടു. ഞായറാഴ്ച വൈകിട്ട് 4.30ഓടെ ആനകുത്തി പെരിഞ്ഞൊട്ടയ്ക്കൽ അയ്യന്തിയിൽ തോമസ് എബ്രഹാമിന്റെ വീടിനുള്ളിലെ മേശയുടെ കാലിൽ ചുറ്റിയ നിലയിലാണ്‌ രാജവെമ്പാലയെ കണ്ടത്.

വനമേഖലയോട് ചേർന്ന പ്രദേശത്താണ് തോമസ് ഏബ്രഹാമിന്റെ വീട്. മുമ്പും ഇവിടെ രാജവെമ്പാലകൾ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അന്ന് വാവ സുരേഷാണ് ഇവയെ പിടികൂടി വനംവകുപ്പിന് കൈമാറി ഉൾവനത്തിൽ തുറന്നുവിട്ടത്.

രാജവെമ്പാലയടക്കം വരുന്ന വിഷപാമ്പുകളെ പിടികൂടാൻ സ്ട്രൈക്കിങ് ഫോഴ്സിലെ അംഗങ്ങൾക്ക് പരിശീലനം ലഭിച്ചതാണ് രാജവെമ്പാലയെ പിടിക്കാൻ സഹായമായത്. രണ്ട് വർഷത്തിനുള്ളിൽ സ്ട്രൈക്കിങ് ഫോഴ്സ് നേരിട്ട് പിടികൂടുന്ന 11-ാമത്തെ രാജവെമ്പാലയാണിത്. പിടികൂടിയ രാജവെമ്പാലയെ അച്ചൻകോവിൽ വനം ഡിവിഷനിലെ  ഉൾവനത്തിൽ തുറന്നു വിട്ടു. കോന്നി സ്ട്രൈക്കിങ് ഫോഴ്സിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ് രാജേഷ്‌കുമാർ, ഡി രാജേഷ്, എ അഭിലാഷ്, എസ് ലാലു, കുമാർ, വിപിൻ എന്നിവരടങ്ങുന്ന സംഘമാണ്‌ പാമ്പിനെ പിടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top