കൊച്ചി
ആകർഷകവും വിജ്ഞാനപ്രദവുമായ പഠനക്കാഴ്‌ചകളൊരുക്കി "കൈറ്റ് ലെൻസ്' ഒരുവർഷം പിന്നിടുന്നു. വിദ്യാഭ്യാസ ഉള്ളടക്കം തയ്യാറാക്കാൻ ദൃശ്യ, ശ്രാവ്യ മാധ്യമ സങ്കേതങ്ങൾ ഉപയോഗിക്കുന്നതിൽ സുപ്രധാന ചുവടുവയ്പായിരുന്നു "കൈറ്റ് ലെൻസ് എഡ്യുക്കേഷണൽ കണ്ടന്റ് ക്രിയേഷൻ ഹബ്ബ്'. 2023 മേയിലാണ് ഇടപ്പള്ളി കൈറ്റ് റീജണൽ റിസോഴ്സ് സെന്ററിൽ സ്‌റ്റുഡിയോ ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായായിരുന്നു നിർമാണം. കൈറ്റ് ലെൻസ് ഹബ്ബിലാണ് ഇപ്പോൾ കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലേക്കുള്ള പ്രധാനപരിപാടികളടക്കം ചിത്രീകരിക്കുന്നത്. ഇതോടെ സ്മാർട്ട് ക്ലാസ് മുറികളിലേക്കുള്ള വീഡിയോകളും കൂടുതൽ മികച്ചതായി.
മത്സരപ്പരീക്ഷകളെഴുതുന്ന കുട്ടികൾക്കുള്ള "ക്രാക്ക് ദി എൻട്രസ്', "കീ ടു എൻട്രസ്', ചിത്രരചനയുമായി ബന്ധപ്പെട്ട ക്ലാസുകളടങ്ങിയ "ഹെലോ കാർട്ടൂണിസ്റ്റ്' തുടങ്ങിയവയും പുതിയ പാഠപുസ്തകങ്ങളെ അധിഷ്‌ഠിതമാക്കിയുള്ള ഫസ്റ്റ് ബെൽ–-പാർട്ട് മൂന്നിന്റെ ചിത്രീകരണവും കൈറ്റ് ലെൻസിൽ നടക്കുന്നു.
മുമ്പ് തിരുവനന്തപുരത്തുമാത്രമാണ് പരിപാടികൾ ഷൂട്ട് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരുന്നത്. ഫോർ കെ വീഡിയോ റെക്കോഡിങ് സൗകര്യം, സൗണ്ട് ട്രീറ്റഡ് ഷൂട്ടിങ് ഫ്ലോർ, സൈക്ലോരമ, ക്രോമ സൗകര്യങ്ങൾ, സൗണ്ട്- വിഷ്വൽ മിക്സിങ്, ഗ്രാഫിക്-എഡിറ്റിങ് സ്യൂട്ട്, സൗണ്ട് ട്രീറ്റ്മെന്റ് സൗകര്യം തുടങ്ങിയവ ഉൾപ്പെടുന്ന മികച്ച സ്റ്റുഡിയോയാണ് കൈറ്റ് ലെൻസിലുള്ളത്.
സ്മാർട്ട് ഫോൺ പ്രയോജനപ്പെടുത്തി വീഡിയോ നിർമിക്കുന്നതിലും ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി ഉള്ളടക്കങ്ങളുള്ള വീഡിയോകൾ തയ്യാറാക്കുന്നതിലും അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..