23 November Saturday

ആദായവിലയ്ക്ക് കമ്പനി അടിമത്തം ; കിഴക്കമ്പലം സ്വകാര്യ പുരയിടമാകാൻ എത്രകാലം?

എം എസ‌് അശോകൻUpdated: Monday Dec 28, 2020


കിഴക്കമ്പലം പഞ്ചായത്ത്‌ ഭരണം പിടിക്കാനിറങ്ങുമ്പോൾ ട്വന്റി ട്വന്റിക്ക്‌  ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. മലിനീകരണത്തിന്റെ പേരിൽ കിറ്റെക്സ്‌ ഗാർമെന്റ്‌സിനെതിരെ പഞ്ചായത്ത്‌ കൈക്കൊണ്ട നടപടികൾ ചെറുക്കുക. അതിനായി ഏതുമാർഗത്തിലും പഞ്ചായത്ത്‌ ഭരണം പിടിക്കുക. ഭരണം അപ്പാടെ കൈയിലൊതുങ്ങിയപ്പോൾ കോർപറേറ്റ്‌ നേതൃത്വത്തിന്‌ ഒന്ന്‌ ബോധ്യമായി. അനുസരണയോടെ കൂടെനിൽക്കുന്ന ജനപ്രതിനിധികളെ ഉപയോഗിച്ച്‌ ഇതിനുമപ്പുറം പലതും ചെയ്യാമെന്ന്‌.

അഞ്ചുവർഷത്തെ ട്വന്റിട്വന്റി  ഭരണത്തിലൂടെ കിഴക്കമ്പലം ഒന്നും നേടിയില്ലെങ്കിലും പഞ്ചായത്തിലെ 41 സർവേ നമ്പരുകളിലായി 13 ഇടത്ത്‌ ഭൂസ്വത്ത്‌ വാങ്ങിക്കൂട്ടാൻ കിറ്റെക്‌സിനായി. ആധാരപ്രകാരംമാത്രം ഉദ്ദേശം 20 കോടിയോളം രൂപയുടെ 20 ഹെക്ടർ ഭൂമി. 2015 നവംബർമുതൽ 2016 മെയ്‌ വരെയുള്ള ഇടപാട്‌ മാത്രമാണിത്‌. കിറ്റെക്‌സ്‌ ഫാഷൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ഗാർമെന്റ്‌സ്‌,  ലിറ്റിൽ വെയർ, ഹെർബൽസ്‌, എക്‌സ്‌പോർട്സ്‌, ഇൻഫന്റ്‌സ്‌ വെയർ, കിറ്റെക്‌സ്‌ എസ്‌ഒസി പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്നിങ്ങനെ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ്‌ ഇടപാടുകൾ.

2015 മുതൽ കിറ്റെക്‌സ്‌ മാനേജ്‌മെന്റ്‌ വാങ്ങിക്കൂട്ടിയ ഭൂസ്വത്തിന്റെ വിശദാംശങ്ങൾ

2015 മുതൽ കിറ്റെക്‌സ്‌ മാനേജ്‌മെന്റ്‌ വാങ്ങിക്കൂട്ടിയ ഭൂസ്വത്തിന്റെ വിശദാംശങ്ങൾ


 

മാക്കിനിക്കര–-കാരുകുളം റോഡ്‌, ആട്ടുപടി–-ചിറവക്കാട്‌ റോഡ്‌, കിഴക്കമ്പലം–-താമരച്ചാൽ റോഡ്‌, വിലങ്ങ്‌–-ചൂരക്കോട്‌ റോഡ്‌, വിലങ്ങാട്ടുചിറ–-കോളനി റോഡ്‌, എരപ്പംപാറ–-ആഞ്ഞിലിച്ചുവട്‌ റോഡ്‌, തൈക്കാവ്‌–-ചൂരക്കോട്‌ റോഡ്‌ എന്നിവയുടെ സമീപത്താണ്‌  ഭൂമി വാങ്ങിക്കൂട്ടിയത്‌. അവിടേക്കെല്ലാം വീതികൂടിയ റോഡുകളും പാർശ്വഭിത്തികളും പൊതുപണം ഉപയോഗിച്ച്‌ നിർമിച്ചു.  കിറ്റെക്‌സ്‌ മുതലാളി അതിസമ്പന്നരായ മലയാളികളുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയതും ട്വന്റി ട്വന്റിയുടെ കിഴക്കമ്പലം പടയോട്ട കാലത്തുതന്നെ. അപ്പോഴും സിംഗപ്പൂരാക്കുമെന്ന്‌ പ്രഖ്യാപിച്ച കിഴക്കമ്പലംമാത്രം മാറിയില്ല. രാജ്യത്തെ എന്നല്ല, എറണാകുളം ജില്ലയിലെപോലും മികച്ച പഞ്ചായത്തായില്ല.

ഫണ്ട്‌ വിനിയോഗത്തിന്റെയും പദ്ധതി നിർവഹണത്തിന്റെയും അടിസ്ഥാനത്തിൽ  കഴിഞ്ഞവർഷത്തെ ഗ്രേഡിങ്പ്രകാരം സംസ്ഥാനത്ത്‌ 51–-ാം സ്ഥാനമായിരുന്നു.  കഴിഞ്ഞ അഞ്ചുവർഷത്തെ മൊത്തം പദ്ധതിവിഹിതത്തിന്റെ  52 ശതമാനംമാത്രമാണ്‌ കിഴക്കമ്പലത്ത്‌ ചെലവഴിച്ചത്‌. ഭരണം പിടിച്ച 2015–-16ൽമാത്രമാണ്‌ കൂടുതൽ തുക പദ്ധതികളിൽ ചെലവഴിച്ചത്‌. 67.34 ശതമാനം. അതിൽ ഏറെയും മുൻ യുഡിഎഫ്‌ ഭരണസമിതിയുടെ കാലത്ത്‌ പൂർത്തീകരിച്ചതാണ്‌.  2016–-17ൽ 27.76 ശതമാനവും 2017–-18ൽ 37.75 ശതമാനവും 2018–-19ൽ 45.63 ശതമാനവും 2019–-20ൽ 19.94 ശതമാനവുമാണ്‌ ചെലവഴിക്കാനായത്‌.
പദ്ധതികൾ രൂപീകരിക്കാൻ കഴിയാത്തതിനാൽ ജില്ലാ ആസൂത്രണസമിതി യോഗത്തിൽ പോകാൻ പറ്റാത്ത അവസ്ഥയുമുണ്ടായിരുന്നെന്ന്‌ ആദ്യ നാലുവർഷം പ്രസിഡന്റായിരുന്ന കെ വി ജേക്കബ്‌ പറഞ്ഞു.

പ്രളയഫണ്ടും വിഴുങ്ങി
പ്രളയകാലത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ എന്ന പേരിൽ ട്വന്റി ട്വന്റി പിരിച്ച 1.38 കോടി രൂപ എവിടെപ്പോയെന്ന ചോദ്യം ഇപ്പോഴും കിഴക്കമ്പലത്ത്‌ മുഴങ്ങുന്നുണ്ട്‌. ഏതായാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പോയിട്ടില്ല. അതിന്റെ രേഖകളൊന്നും സിഎംഡിആർഎഫ്‌ വെബ്‌സൈറ്റിലില്ല.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ എന്ന പേരിൽ ട്വന്റി ട്വന്റി നടത്തിയ പണപ്പിരിവ്‌ കിഴക്കമ്പലത്തുമാത്രം ഒതുങ്ങുന്നതായിരുന്നില്ല. ട്വന്റി ട്വന്റിയുടെ പുറംപകിട്ടിൽ മയങ്ങി സിനിമാക്കാരും വ്യവസായികളും ഉൾപ്പെടെ നിരവധിപ്പേർ സഹായവുമായി എത്തി. പഞ്ചായത്ത്‌ പ്രസിഡന്റിൽനിന്ന്‌ 25,000 രൂപയും വൈസ്‌ പ്രസിഡന്റിൽനിന്ന്‌ 20,000 രൂപയും മറ്റു പഞ്ചായത്ത്‌ അംഗങ്ങളിൽനിന്ന്‌ 15,000 രൂപ വീതവും ദുരിതാശ്വാസനിധിയിലേക്ക്‌ നിർബന്ധപൂർവം പിടിച്ചു. ട്വന്റി ട്വന്റി വളന്റിയർമാരിൽനിന്ന്‌ ഒരുമാസത്തെ ശമ്പളമാണ്‌ പിടിച്ചത്‌. മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ വന്ന പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയതോടെയാണ്‌ ട്വന്റി ട്വന്റി പിരിച്ച പണം എവിടെ എന്ന ചോദ്യം ഉയർന്നത്‌. കുന്നുകര പഞ്ചായത്തിൽ പ്രളയത്തിൽ മുങ്ങിയ വീടുകൾക്ക്‌ സഹായം നൽകി എന്നായിരുന്നു മുതലാളി അതിന്‌ നൽകിയ മറുപടി. കുന്നുകരയിൽ ട്വന്റി ട്വന്റിയുടെ വളന്റിയർമാർ ഒന്നോ രണ്ടോ ദിവസം സന്നദ്ധസേവനത്തിന്‌ പോയിരുന്നു. മറ്റു സഹായങ്ങളൊന്നും ചെയ്‌തിട്ടില്ല. അതിന്‌ 1.38 കോടിരൂപ ചെലവ്‌ എഴുതി മുതലാളി.

(തുടരും)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top