ചവറ > ഹരിതാഭം തിരികെപ്പിടിക്കാൻ കെഎംഎംഎല്ലും. ഖനനം നടന്ന് ഉപയോഗശൂന്യമായ 30 ഏക്കർ ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാക്കി പ്രകൃതിയെയും ആവാസവ്യവസ്ഥയെയും വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളിൽ നാഴികക്കല്ലാകുകയാണ് ഈ പൊതുമേഖലാ സ്ഥാപനം. ഔഷധസസ്യങ്ങൾ, വംശനാശഭീഷണി നേരിടുന്ന സസ്യജാലങ്ങൾ തുടങ്ങിയവയുടെയെല്ലാം ആവാസഭൂമിയാക്കുന്നത് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന പച്ചത്തുരുത്തിലൂടെയാകും. ഖനനം നടന്ന് ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ സംസ്ഥാനത്ത് ആദ്യമായാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാൻ നിർണായക പങ്കുവഹിക്കുന്ന പച്ചത്തുരുത്ത് തയ്യാറാക്കി സ്വാഭാവിക ജൈവവൈവിധ്യം ഒരുക്കുന്നത്.
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ അനുയോജ്യമായ വൃക്ഷത്തൈകളാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളാണ് ഇതിലേറെയും. ഒപ്പം സംസ്ഥാന കശുവണ്ടി വികസന ഏജൻസിയിൽനിന്നു പ്രദേശത്തിന് അനുയോജ്യമായ അത്യുൽപ്പാദനശേഷിയുള്ള കശുമാവിൻ തൈകളും വിവിധയിനം നാട്ടുമരങ്ങളും ഉൾപ്പെടുന്നു.
മണ്ണിൽ ആവശ്യമായ വളം, ചകിരിച്ചോറ്, കരിയില തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയാണ് ഫലവൃക്ഷത്തൈകളും നാട്ടുസസ്യങ്ങളും നടുന്നത്. ഒരേക്കറിൽ 400 തൈയാണ് വയ്‌ക്കുന്നത്. നാലുമീറ്റർ ദൂരത്തിലാണ് ഇവ നടുക. മുപ്പതിനം ഫലവൃക്ഷങ്ങളും 15 ഇനം ഔഷധസസ്യങ്ങളുമാണ് പച്ചത്തുരുത്തിന് മോടികൂട്ടുക. എല്ലാ സസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയവും കാർഷികവുമായ വിവരങ്ങൾ രേഖപ്പെടുത്തും. ടി എസ് കനാലുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലെല്ലാം കണ്ടൽക്കാടുകളും കുറ്റിമുളയുംവച്ച് മണ്ണൊലിപ്പ് തടയാനും ലക്ഷ്യമിടുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഇവിടെ പാർക്കും ഒരുങ്ങും. പൊന്മനയിൽ ശനി വൈകിട്ട് ആറിനുചേരുന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്യും. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും.
വയ്‌ക്കുന്ന പ്രധാന ചെടികൾ
ബാർബഡോസ് ചെറി, പീനട്ട് ബട്ടർ ഫ്രൂട്ട്, സീതപ്പഴം, ആനമുന്തിരി, ഞാവൽ, അമ്പഴം, നോനി, ഇലന്ത, പുളി, കശുമാവ്, പ്ലാവ്, മാവ്, ചെറുനാരകം, കരിനൊച്ചി, ആടലോടകം, എരുക്ക്, കൂവളം, വെള്ള കുന്തിരിക്കം, മരോട്ടി, കാഞ്ഞിരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..