13 September Friday
1.73 ലക്ഷത്തിന്റെ മരുന്ന്‌ 11892.38 രൂപയ്ക്ക്‌ , 2511 രൂപയുടെ ഇൻജക്‌ഷന്‌ 96.39 മാത്രം

രോഗികൾക്ക്‌ കൈത്താങ്ങ്‌ ; ഇടനിലക്കാരില്ലാതെ അർബുദമരുന്നുകൾ , വിലക്കുറവ്‌ 26 മുതൽ 96 ശതമാനംവരെ

അശ്വതി ജയശ്രീUpdated: Sunday Aug 25, 2024

 


തിരുവനന്തപുരം
അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക്‌ രോഗികൾക്ക്‌ വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്‌ ആദ്യഘട്ടത്തിൽ ലാഭരഹിത കൗണ്ടർ പ്രവർത്തിക്കുക. സംഭരിക്കുന്ന മരുന്നുകളിൽ രണ്ടുശതമാനം സേവനചെലവ്‌ മാത്രം ഈടാക്കും. കെഎംഎസ്‌സിഎല്ലിന്‌ കിട്ടുന്ന അഞ്ചുമുതൽ ഏഴുശതമാനം വരെയുള്ള ലാഭം പൂർണമായും ഒഴിവാക്കിയാണ്‌ ആരോഗ്യവകുപ്പ്‌ പദ്ധതി ആവിഷ്കരിച്ചത്‌.

നിലവിലുള്ള കാരുണ്യ കമ്യൂണിറ്റി ഫാർമസിയുടെ ഒരുഭാഗം കൗണ്ടറിനായി മാറ്റിവയ്‌ക്കും. ഒരോ ജീവനക്കാർക്ക്‌ ചുമതലയുണ്ടാകും. കെഎംഎസ്‌സിഎൽ ആസ്ഥാനത്ത്‌ ഒരാൾക്ക്‌ അധികച്ചുമതലയുമുണ്ടാകും. ഭാവിയിൽ കൂടുതൽ ഫാർമസികളിൽ കൗണ്ടർ ആരംഭിക്കും. സംസ്ഥാനവ്യാപകമായി 14 ജില്ലകളിലും ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം വ്യാഴം വൈകിട്ട്‌ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും.    

വിലക്കുറവ്‌ 26 മുതൽ 96 ശതമാനംവരെ
മരുന്നുകൾ വിപണിവിലയിൽനിന്ന്‌ 26-–-96ശതമാനം വരെ വിലക്കുറവിൽ ലഭ്യമാക്കും. വിപണിയിൽ 1.73 ലക്ഷംരൂപ വിലയുള്ള പാസോപാനിബ്‌ 93 ശതമാനം വിലക്കുറവിൽ 11892.38 രൂപയ്ക്ക്‌ ലഭ്യമാക്കും. 2511രൂപ വിലയുള്ള സൊലെൻഡ്രോണിക്‌ ആസിഡ്‌ ഇൻജക്‌ഷന്‌ 96.39 രൂപ മാത്രം. അബിറാടെറൊൺ, എൻസാലുറ്റമൈഡ്‌ ടാബ്‌ലറ്റുകൾ, റിറ്റുക്സ്വിമാബ്‌, ജെംസൈടാബിൻ, ട്രാസ്റ്റുസുമാബ്‌ ഇൻജക്‌ഷനുകൾ തുടങ്ങി 64ഇനം ആന്റി ക്യാൻസർ മരുന്നുകളും ലാഭരഹിത കൗണ്ടറിൽ കമ്പനിവിലയ്ക്ക്‌ കിട്ടും.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top