കൊച്ചി> പാകിസ്ഥാനിൽ ജനിച്ച രണ്ടു യുവതികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ ഹെെക്കോടതിയുടെ ഉത്തരവ്. പാക് പൗരത്വം ഉപേക്ഷിച്ച ഹർജിക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിൽ എതിർപ്പില്ലെന്ന പാക് ഹൈക്കമീഷന്റെ അഭിപ്രായവും പരിഗണിച്ചാണ് ജസ്‌റ്റിസ് ടി ആർ രവിയുടെ ഉത്തരവ്.
പൗരത്വം അനുവദിച്ചുള്ള ഉത്തരവ് മൂന്നു മാസത്തിനുള്ളിൽ ഇറങ്ങിയിരിക്കണമെന്നും കോടതി കേന്ദ്രസർക്കാരിനോട് നിർദേശിച്ചു. തലശേരി സ്വദേശിയായ റഷീദാബാനുവും രണ്ടു പെൺമക്കളുമാണ് ഹർജി നൽകിയത്. ഇപ്പോൾ യുഎഇയിൽ ജോലി ചെയ്യുന്ന, റഷീദാബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് മുത്തശ്ശിക്കൊപ്പം 1977ൽ കേരളത്തിൽനിന്ന് പാകിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. 2008ൽ കുടുംബം ഇന്ത്യയിലേക്ക് മടങ്ങി. പാക് പൗരത്വം ഉപേക്ഷിക്കുന്നത് അനുവദിച്ചുള്ള പാക് സർക്കാരിന്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ കുടുംബത്തിന് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
എന്നാൽ, പ്രായപൂർത്തിയാകാത്തതിനാൽ പെൺമക്കൾക്ക് പൗരത്വം ഉപേക്ഷിച്ചുള്ള രേഖ കിട്ടിയിരുന്നില്ല. 21 വയസ്സ് പൂർത്തിയായാലെ പാകിസ്ഥാൻ ഈ രേഖ അനുവദിക്കൂ. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പൗരത്വം നിഷേധിച്ചതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്. പൗരത്വം ഉപേക്ഷിച്ചതായുള്ള രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പാക് പാസ്പോർട്ട് ഉപേക്ഷിച്ചതിനാൽ പാക് പൗരന്മാരായി ഹർജിക്കാർക്ക് മടങ്ങാൻ കഴിയില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..