21 November Thursday

കൊച്ചി തീരത്തെ ദ്വീപ്‌; ഗൂഗിളിന്റെ പിഴവെന്ന്‌ പഠനം

സ്വന്തം ലേഖകൻUpdated: Monday Jun 21, 2021

കൊച്ചി > കൊച്ചി തീരത്തിനടുത്ത് പയറുമണി രൂപത്തിൽ ദ്വീപ്‌ കണ്ടെത്തിയതായുള്ള ഗൂഗിളിന്റെ വാദം പിഴവെന്ന്‌ പഠനം. ദ്വീപ്‌ കണ്ടെത്തിയെന്ന വാദം തെറ്റാണെന്നു കാണിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌ പാലക്കാട് സ്വദേശിയും ബംഗളൂരു സാറ്റ്‍ഷുവ‌റിലെ ജിയോസ്പേഷ്യൽ എൻജിനിയറുമായ അർജുൻ ഗംഗാധരൻ.

ഗൂഗിൾ മാപ്പ് ഇമേജുകളും സാറ്റലൈറ്റ് ഇമേജുകളും ഉപയോഗിച്ചാണ്‌ അത്തരമൊരു ദ്വീപില്ലെന്നും സാങ്കേതികപ്പിഴവുകളാണ് ഈ വാദങ്ങളിലേക്ക് നയിച്ചതെന്നും അർജുൻ  പറയുന്നത്‌. ഇതിനായി  നടത്തിയ പഠനത്തിന്റെ വിവരങ്ങൾ ചിത്രം സഹിതം അർജുൻ തന്റെ ബ്ലോഗായ arkives.inൽ നൽകിയിട്ടുണ്ട്‌. പഠനത്തിന്‌ ഉപയോഗിച്ചത് വിവിധ ഉപഗ്രഹചിത്രങ്ങൾമുതൽ സമുദ്രത്തിന്റെ അടിത്തട്ടുസംബന്ധിച്ച പലതരത്തിലുള്ള വിവരങ്ങൾവരെയാണ്‌.

കൊച്ചിയിൽ ദ്വീപുണ്ടെന്നു പറയുന്ന ഭാഗത്ത് കപ്പലുകളുടെ സാന്നിധ്യം കൂടുതലാണ്. ഒന്നിലധികം കപ്പലുകളുടെ സ്ഥിരമായ സാന്നിധ്യമാകാം അതൊരു ഭൂപ്രദേശമാണെന്ന് ഗൂഗിളിന്റെ അൽഗോരിതത്തെക്കൊണ്ട്‌ തോന്നിപ്പിച്ചതെന്ന് അർജുൻ പറയുന്നു.

ദ്വീപിന്റെ നീളവും വീതിയും ആകൃതിയുമെല്ലാം ചേർത്താണ്‌ ഗൂഗിൾ എർത്ത് ഇമേജസിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ വന്നത്. കൊച്ചി കായലിൽ ഡ്രഡ്‌ജിങ്ങിന്റെ ഭാഗമായാണ് ദ്വീപ് രൂപപ്പെടുന്നതെന്നും ഇത് മണൽത്തിട്ടയാകാൻ സാധ്യതയുണ്ടെന്നും നിരീക്ഷണങ്ങൾ ഉയർന്നു. ദ്വീപിന് ‘പയറുമണി ഐലന്റ്’ എന്നുവരെ ചിലർ ഗൂഗിൾ മാപ്പിൽ പേരുനൽകി. ഗൂഗിൾ മാപ്പിലെ 2020ലെയോ 2019ലെയോ 2018ലെയോ ചിത്രങ്ങളിൽ ഇത്തരമൊരു മണൽത്തിട്ട കാണാനില്ല.

ദ്വീപ് രൂപപ്പെട്ടു എന്നു പറയുന്ന പ്രദേശത്തുകൂടി കപ്പൽ പോകുന്നതിന്റെ ചിത്രവും അർജുൻ തെളിവായി നിരത്തിയിട്ടുണ്ട്‌. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാൻ ഈ വിഷയത്തിൽ സമഗ്രപഠനം നടത്തുമെന്ന്‌ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) അറിയിച്ചിട്ടുണ്ട്‌. തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചാലുടൻ കടലിന്റെ അടിത്തട്ടിനെക്കുറിച്ചുള്ള പഠനം നടത്തുമെന്ന്‌ വൈസ്‌ ചാൻസലർ ഡോ. കെ റിജി ജോൺ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top