കൊച്ചി
യാത്രക്കാരുടെ സൗകര്യാർഥം കൂടുതൽ ഫീഡർ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. ആദ്യഘട്ടത്തിൽ സെപ്‌തംബറോടെ കൊച്ചി മെട്രോയ്ക്ക് 15 എസി ഇലക്‌ട്രിക് ബസുകൾ വാങ്ങും.
മെട്രോ സ്റ്റേഷനുകളിൽനിന്ന് നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ബസ് സർവീസ് നടത്തും. മെട്രോ ഫീഡർ സർവീസ് വിപുലപ്പെടുന്നതിലൂടെ കൊച്ചി നഗരത്തിൽ സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്‌ക്കാനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപേരെ ആകർഷിക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). ഐഷർ കമ്പനിയുടെ 30 സീറ്റ് ബസുകളാണ് വാങ്ങുന്നത്. പുതിയ ഫീഡർ ബസുകളുടെ റൂട്ട് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
ഗതാഗതക്കുരുക്ക് കൂടുതലുള്ള സമയത്തും ഫലപ്രദമായി സർവീസ് നടത്താനാകുന്ന ഒമ്പത് മീറ്റർ നീളമുള്ള ബസുകളാണിവ. തെരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കും. കെഎസ്‌ഇബിയുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ രാവിലെ 6.30 മുതൽ ആലുവ മെട്രോ സ്റ്റേഷൻ–-നെടുമ്പാശേരി വിമാനത്താവളം റൂട്ടിൽ ഫീഡർ ബസുകൾ സർവീസ് നടത്തുന്നുണ്ട്. കളമശേരി മെട്രോ സ്റ്റേഷനിൽനിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഇൻഫോപാർക്കിലേക്കും കാക്കനാട് വാട്ടർ മെട്രോ ടെർമിനലിൽനിന്ന് കളമശേരിയിലേക്കും ഫീഡർ സർവീസുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..