27 December Friday

മെട്രോ തൂണുകളുടെ പൈലിങ്‌ ഉടൻ ; ആദ്യ ടെസ്‌റ്റ്‌ പൈലിങ്‌ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട മെട്രോ നിർമാണത്തിന്റെ ഭാഗമായി പാലാരിവട്ടം പൈപ്പ്ലൈനിനുസമീപം ബാരിക്കേഡ് സ്ഥാപിച്ചപ്പോൾ


കൊച്ചി
ഇൻഫോപാർക്കുവരെ നീളുന്ന കൊച്ചി മെട്രോ രണ്ടാംപാതയുടെ വയഡെക്ട്‌ സ്ഥാപിക്കാനുള്ള പൈലിങ് ഈ മാസം അവസാനവാരം തുടങ്ങും. കാക്കനാട്‌ കുന്നുംപുറത്ത്‌ ആദ്യ ടെസ്‌റ്റ്‌ പൈലിങ് പൂർത്തിയായി. രണ്ടാമത്തേത്‌ ഉടൻ തുടങ്ങും. വയഡെക്ട്‌ നിർമാണത്തിന്‌ മുന്നോടിയായുള്ള മറ്റുനടപടികൾ പൂർത്തീകരണത്തിലാണ്‌.

പൈലിങ്ങിന്റെ ഭാഗമായി നിർദിഷ്ട മെട്രോ പാതയിൽ ആറിടത്ത്‌ റോഡിന്‌ നടുവിൽ ബാരിക്കേഡ്‌ സ്ഥാപിച്ചു. പാലാരിവട്ടം പൈപ്പ്‌ ലൈൻ റോഡ്‌മുതൽ എംഎൽഎ റോഡ്‌വരെയും ബൈപാസ്‌മുതൽ പിഒസിവരെയും കാക്കനാട്‌ സെസ്‌ സ്‌റ്റേഷനുമുന്നിലും ചിറ്റേത്തുകര, കിൻഫ്ര സ്‌റ്റേഷൻ, ഇൻഫോപാർക്ക്‌ എന്നിവിടങ്ങളിലുമാണ്‌ ബാരിക്കേഡ്‌ സ്ഥാപിച്ചത്‌. പാലാരിവട്ടത്തും സിവിൽലൈൻ റോഡിലും ഗതാഗത ക്രമീകരണം നടത്തി. ജിയോ ടെക്‌നിക്കൽ സർവേ 52 കേന്ദ്രങ്ങളിൽ പൂർത്തിയായി. 22 കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. ടോപ്പോഗ്രാഫിക്‌ സർവേ പൂർത്തിയായി. വയഡെക്ടുകളുടെയും സ്‌റ്റേഷനുകളുടെയും രൂപകൽപ്പനയും അവസാനഘട്ടത്തിലാണ്‌. കളമശേരി എച്ച്‌എംടി ഭൂമിയിൽ ആറേക്കറിൽ കാസ്‌റ്റിങ് യാർഡ്‌ സജ്ജമാകുന്നു.

അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡിനാണ്‌ നിർമാണകരാർ. 10 മെട്രോ സ്‌റ്റേഷനുകളുടെയും ആകാശപാതയുടെയും നിർമാണത്തിനാണ്‌ കരാർ. 20 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കണമെന്നാണ്‌ നിബന്ധന. അതനുസരിച്ച്‌ വിവിധ റീച്ചുകളുടെ ഉപകരാറുകളും അഫ്‌കോൺസ്‌ നൽകിക്കഴിഞ്ഞു. 1141.32 കോടി രൂപയാണ്‌ കരാർതുക.

ആഗോള ടെൻഡറിന്റെ അടിസ്ഥാനത്തിൽ ജൂൺ 18നാണ്‌ അഫ്‌കോൺസുമായി കെഎംആർഎൽ നിർമാണക്കരാറിലെത്തിയത്‌. കലൂർ ജവാഹർലാൽ നെഹ്‌റു മെട്രോ സ്‌റ്റേഷനിൽനിന്നാരംഭിച്ച്‌ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ മെട്രോ പാതയിലാണ്‌ സ്‌റ്റേഷനുകൾ നിർമിക്കേണ്ടത്‌. പാലാരിവട്ടം ജങ്ഷൻ, ബൈപാസ്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌, സെസ്‌, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക്‌ എന്നിവിടങ്ങളിലാണ്‌ സ്‌റ്റേഷനുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top