24 November Sunday

മെട്രോ രണ്ടാംഘട്ട കാക്കനാട്‌ പാത ; ആദ്യ പൈലിങ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

പൈലിങ് ജോലി കാണുന്ന മന്ത്രി പി രാജീവ്‌. ഹൈബി ഈഡൻ എംപി, ലോക്‌നാഥ്‌ ബെഹ്‌റ എന്നിവർ സമീപം


കൊച്ചി
മെട്രോ രണ്ടാംഘട്ട കാക്കനാട്‌ പാതയുടെ നിർമാണത്തിന്‌ തുടക്കമിട്ട്‌ വയഡക്‌ടും സ്‌റ്റേഷനും സ്ഥാപിക്കാനുള്ള വർക്കിങ് പൈൽ സ്ഥാപിക്കൽ ജോലികൾ തുടങ്ങി. സീപോർട്ട്‌–-എയർപോർട്ട്‌ റോഡിൽ കൊച്ചി സ്‌പെഷ്യൽ ഇക്കണോമിക് സോൺ മെട്രോ സ്‌റ്റേഷൻ സൈറ്റിലാണ്‌ ആദ്യ പൈലിങ് തുടങ്ങിയത്‌. പൈലിങ്ങിന്റെ സ്വിച്ച്‌ ഓൺ വ്യവസായമന്ത്രി പി രാജീവ്‌ നിർവഹിച്ചു.

ഹൈബി ഈഡൻ എംപി,  ഉമ തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭാ അധ്യക്ഷ  രാധാമണിപിള്ള, കെഎംആർഎൽ എംഡി ലോക്‌നാഥ്‌ ബെഹ്‌റ തുടങ്ങിയവർ പങ്കെടുത്തു. 1141.32 കോടി രൂപയ്ക്ക് അഫ്കോൺസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിനാണ്‌ നിർമാണ കരാർ നൽകിയിട്ടുള്ളത്‌. നിർമാണത്തിന്റെ രൂപരേഖ തയ്യാറാക്കലും ഒരുക്കങ്ങളും കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കിയിരുന്നു.

ഇത്‌ ചരിത്രമുഹൂർത്തം: പി രാജീവ്‌
കാക്കനാടിന്റെമാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനപദ്ധതിയാണിതെന്നും ഇത്‌ ചരിത്രമുഹൂർത്തമാണെന്നും പൈലിങ് സ്വിച്ച്‌ ഓൺ ചെയ്‌ത്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു.  കലൂർ സ്‌റ്റേഡിയത്തിൽനിന്ന്‌ ഇൻഫോപാർക്കുവരെ എത്തുന്ന 11.2 കിലോമീറ്റർ പാത രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇൻഫോപാർക്ക് ജീവനക്കാർ ഉൾപ്പെടെ പതിനായിരങ്ങൾക്ക്‌ ഗുണകരമാകുംവിധമാണ്‌ പാതയുടെ രൂപകൽപ്പന. അടുത്തഘട്ടമെന്ന നിലയിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്കും ഗ്ലോബൽ സിറ്റിയിലേക്കും മെട്രോ നീട്ടാനുള്ള ചർച്ച പുരോഗമിക്കുന്നു. പാലാരിവട്ടംമുതൽ കാക്കനാടുവരെയുള്ള ഗതാഗതപ്രശ്‌നങ്ങൾക്കും പരിഹാരമായതായും പി രാജീവ്‌ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top