കൊച്ചി
മെട്രോ രണ്ടാംഘട്ടം കാക്കനാട് പാതയിലെ നിർമാണജോലികൾ അതിവേഗം പുരോഗമിക്കുന്നു. റെയിൽപ്പാത സ്ഥാപിക്കാനുള്ള വയഡെക്ടുകളും മെട്രോ സ്‌റ്റേഷനുകൾക്കുവേണ്ടിയുള്ള 30 പൈലുകളും ഇതിനകം പൂർത്തിയായി. റോഡുകളുടെ വീതികൂട്ടൽ ഉൾപ്പെടെ അനുബന്ധ ജോലികൾ പൂർത്തീകരണത്തിലാണ്. വിദേശവായ്‌പ നൽകുന്ന ഏഷ്യൻ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കുമായി (എഐഐബി) വായ്‌പ കരാറിൽ എത്താനുള്ള ചർച്ചകളും പുരോഗമിക്കുന്നു.
മെട്രോപാത കടന്നുപോകുന്ന റോഡുകളുടെ വീതികൂട്ടാനും വയഡെക്ട് നിർമാണത്തിനുമായുള്ള ഭൂമിയേറ്റെടുക്കൽ 86 ശതമാനം പൂർത്തിയായതായി കെഎംആർഎൽ അറിയിച്ചു. ഡിസംബറോടെ നടപടികൾ പൂർത്തിയാകും. സീപോർട്ട്–-എയർപോർട്ട് റോഡിൽ രണ്ടരക്കിലേമീറ്റർ വീതികൂട്ടി നിർമിക്കുന്ന ജോലികൾ പൂർത്തീകരണഘട്ടത്തിലാണ്. പാലാരിവട്ടംമുതൽ കാക്കനാട് കുന്നുംപുറംവരെയുള്ള റോഡിന്റെ വീതികൂട്ടൽ 3.65 കിലോമീറ്ററിൽ നടന്നുവരുന്നു. സിവിൽലൈൻ റോഡിലെ ചെമ്പുമുക്ക് പാലങ്ങൾ ഉയരംകൂട്ടി നിർമിക്കാൻ 10.43 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞദിവസം കിഫ്‌ബി അനുമതിയായി.
സ്‌റ്റേഷൻ പ്രവേശന
മന്ദിരങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു
കാക്കനാട് മെട്രോ പാതയിലെ 11 സ്‌റ്റേഷനുകളിൽ അഞ്ചെണ്ണത്തിന്റെ പ്രവേശന മന്ദിരങ്ങളുടെ നിർമാണ ജോലികൾ നടക്കുന്നു. മൂന്നിടത്തുകൂടി ഈ മാസം നിർമാണം തുടങ്ങും. ജനുവരിയോടെ 10 സ്‌റ്റേഷനുകളുടെ നിർമാണം നടക്കും. ആദ്യം പ്രവേശന മന്ദിരങ്ങളുടെ നിർമാണമാരംഭിച്ച കാക്കനാട്, സെസ് സ്‌റ്റേഷനുകളുടെ സിവിൽ ജോലികളും തുടങ്ങി. ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് സ്‌റ്റേഷനുകളുടെ നിർമാണമാണ് ഈമാസം തുടങ്ങുക.
സ്‌റ്റേഷനുകളുടെ രൂപകൽപ്പനയ്‌ക്കും നിർമാണത്തിനുമുള്ള കൺസൾട്ടൻസി കരാർ നൽകിയിട്ടുള്ളത് ഏജീസ് ഇന്ത്യ കൺസൾട്ടിങ് എൻജിനിയേഴ്‌സിനാണ്. വൈദ്യുതി വിതരണ സംവിധാനം, തേർഡ് റെയിൽ ട്രാക്‌ഷൻ തുടങ്ങിയവയ്‌ക്കുള്ള കൺസൾട്ടൻസി സിസ്‌ട്ര എംവിഎ കൺസൾട്ടിങ് കമ്പനിയാണ്. സിസ്‌ട്രയുടെ കൺസോർഷ്യമാണ് രണ്ടാംഘട്ട പാത നിർമാണത്തിന്റെ ജനറൽ കൺസൾട്ടന്റ്. ട്രാക്‌ഷൻ, സിഗ്‌നലിങ്, ടെലികോം എന്നിവയ്‌ക്കുള്ള ടെൻഡറുകൾ വൈകാതെ ക്ഷണിക്കും.
എഐഐബി അനുവദിച്ചത് 1025 കോടിയുടെ വായ്‌പ
കാക്കനാട് പാത നിർമാണത്തിന് 1025 കോടി രൂപയുടെ വായ്‌പയാണ് എഐഐബി അനുവദിച്ചിട്ടുള്ളത്. കലൂർ സ്‌റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ എലവേറ്റഡ് പാതയുടെയും 11 സ്‌റ്റേഷനുകളുടെയും നിർമാണം, പാതയുടെയും സ്‌റ്റേഷനുകളുടെയും വൈദ്യുത സംവിധാനമൊരുക്കൽ, ടെലികമ്യൂണിക്കേഷൻ, സുരക്ഷാ സംവിധാനങ്ങൾ എന്നിവയ്‌ക്കും അഞ്ച് മെട്രോ ട്രയിനുകൾ വാങ്ങുന്നതിനുമാണ് വായ്‌പ നൽകുന്നത്. വായപ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കേന്ദ്ര, സംസ്ഥാന സർക്കാരുകളും എഐഐബിയുമായുള്ള ചർച്ചകൾ നടക്കുന്നു. ഈവർഷംതന്നെ കരാറിലെത്താനാകുമെന്നാണ് പ്രതീക്ഷ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..