കൊച്ചി > കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന്റെ ഭാഗമായുള്ള രണ്ടാംഘട്ടനിർമാണത്തിന്റെ സ്ഥലം ഏറ്റെടുപ്പ് രണ്ട് വില്ലേജുകളിൽ പൂർത്തിയായി. കാക്കനാട് വില്ലേജിലെ വാഴക്കാലമുതൽ ഇൻഫോപാർക്കുവരെ ഏറ്റെടുക്കേണ്ട 50 സെന്റ് ഭൂമി ഏറ്റെടുത്തു. ഭൂ ഉടമകൾക്ക് 14.34 കോടി രൂപ നഷ്‌ടപരിഹാരം വിതരണം ചെയ്‌തു. ഇടപ്പള്ളി വില്ലേജിലെ രണ്ടേക്കർ ഭൂമിയുടെ ഏറ്റെടുപ്പും പൂർത്തിയായി. 124 കോടി രൂപയാണ് ഭൂ ഉടമകൾക്ക് വിതരണം ചെയ്‌തത്.
വാഴക്കാല വില്ലേജിൽ 168 പേരുടെ എട്ടരയേക്കറോളം ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ 68 പേരുടെ ഭൂമി ഏറ്റെടുത്ത് നഷ്‌ടപരിഹാരം വിതരണം ചെയ്‌തു. ഭൂമിയുടെ മൂല്യനിർണയത്തിൽ വന്ന മാറ്റം ഏറ്റെടുപ്പിനെ ബാധിച്ചിട്ടുണ്ട്. 2016ലാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടനിർമാണം ആരംഭിച്ചത്. ഭൂമിയുടെ അന്നത്തെ മൂല്യനിർണയപ്രകാരം നഷ്ടപരിഹാരം നിശ്ചയിച്ചെങ്കിലും ഏറ്റെടുക്കൽ വൈകി. നിലവിലെ ഭൂമിയുടെ വില അനുസരിച്ച് കൂടുതൽ തുക വേണ്ടിവരും. സർക്കാരിൽനിന്ന് തുക ലഭിക്കുന്നമുറയ്ക്കാകും ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുക. ഒപ്പം ജെഎൽഎൻ സ്റ്റേഡിയംമുതൽ പാലാരിവട്ടംവരെ ഒന്നേകാൽ ഏക്കറോളം സ്ഥലം ഏറ്റെടുക്കണം. 25 കോടി രൂപയിലധികം വേണ്ടിവരും. രൂപരേഖ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നമുറയ്ക്ക് ഇവിടങ്ങളിലും ഭൂമി ഏറ്റെടുപ്പ് ആരംഭിക്കും.
കെഎംആർഎല്ലിന് കൈമാറിയ ഭൂമിയിൽ റോഡ് വീതികൂട്ടുന്നത് ഉൾപ്പെടെയുള്ള നിർമാണം പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തിൽ 11.20 കിലോമീറ്റർ ദൂരമാണ് പാത നീട്ടുന്നത്. 5182 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..