കൊച്ചി
‘ഞാൻ കനവിൽ കണ്ടൊരു സ്‌നേഹിതൻ...’ ഗിത്താറിൽ വിരൽമീട്ടി നിധീഷ് പാടുകയാണ്. കൊച്ചി മെട്രോ ട്രെയിനാണ് വേദി. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും മെട്രോയിൽ കയറുന്നവർക്ക് തൃശൂർക്കാരൻ നിധീഷിന്റെ പാട്ട് ബോണസാണ്. കൈയടികളോടെയാണ് മിക്ക ഗാനവിരുന്നും അവസാനിക്കുക.
ഒന്നരമാസമായി പനമ്പിള്ളിനഗറിലെ ഫ്യൂച്ചുറ ലാബിൽ ഗ്രാഫിക് ഡിസൈൻ അധ്യാപകനായി ജോലി നോക്കുകയാണ് തൃശൂർ പുറത്തിശേരി തെക്കേടത്ത് വീട്ടിൽ ടി എസ് നിധീഷ്. മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ കോർത്തിണക്കി അൺ പ്ലഗ്‌ഡ് മോഡലിലാണ് പാട്ടുകൾ. സുഹൃത്ത് ചാച്ചി എന്നറിയപ്പെടുന്ന ഗിത്താറിസ്‌റ്റ് യാസിനും കൂട്ടിനുണ്ടാകും.
കല്യാണവിരുന്നുകളിലും കഫേകളിലും നിധീഷ് പാടാനെത്താറുണ്ട്. ഇരിങ്ങാലക്കുടയിലെ കഫേയിൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പമിരുന്ന് പാടിയ പാട്ട് ഇൻസ്‌റ്റഗ്രാമിൽ വൈറലായിരുന്നു. ഇൻസ്‌റ്റഗ്രാമിൽ നിധീഷ് ഇസഡ്‌ആർബി എന്നാണ് അറിയപ്പെടുന്നത്.
മെട്രോയിൽ പാടുമ്പോൾ ധാരാളം പേർ അഭിനന്ദിക്കാറുണ്ട്. ‘ഇത് ഒരുജാതി മൊമെന്റാണ്’. സ്വതസിദ്ധമായ തൃശൂർ ഭാഷയിൽ നിധീഷ് പറയുന്നു. ഒരിക്കൽ മെട്രോയിൽ ഒരാൾ ഇത്തരത്തിൽ പാടുന്നത് കണ്ടു. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെട്രോ ഗായകനായി മാറിയതെന്നും നിധീഷ്. മരപ്പണിക്കാരനായ ഷാജിയുടെയും ഇരിങ്ങാലക്കുടയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായ സിന്ധുവിന്റെയും മകനാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..