കൊച്ചി
റിയൽ എസ്‌റ്റേറ്റ് രംഗത്തെ വമ്പന്മാരായ ഡിഎൽഎഫിന്റെ നടപടികളെത്തുടർന്ന് പ്രധാന വേദി നഷ്ടമായ കൊച്ചി മുസിരിസ് ബിനാലെയുടെ ആറാംപതിപ്പിന് പുതിയ വേദി കണ്ടെത്തേണ്ടിവരും. ഡിസംബർ 12ന് ആരംഭിക്കേണ്ടിയിരുന്ന ആറാംപതിപ്പ് 2025 ഡിസംബറിലേക്ക് മാറ്റി കഴിഞ്ഞദിവസം പ്രഖ്യാപനമുണ്ടായി. കഴിഞ്ഞ അഞ്ച് പതിപ്പിലും പ്രധാന വേദിയായിരുന്ന ഫോർട്ട് കൊച്ചിയിലെ ആസ്‌പിൻവാൾ ഹൗസ് തീരസംരക്ഷണസേനയ്‌ക്ക് വിൽക്കാനുള്ള നീക്കത്തിൽനിന്ന് ഡിഎൽഎഫ് പിന്മാറാത്തതിനാലാണ് പ്രതിസന്ധി.
2012ൽ ബിനാലെയുടെ തുടക്കംമുതൽ പ്രധാനവേദി ആസ്‌പിൻവാൾ ഹൗസും അനുബന്ധ കെട്ടിടങ്ങളുമായിരുന്നു. ജീർണാവസ്ഥയിലായിരുന്ന നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം ബിനാലെക്ക് വേദിയായതോടെ അന്താരാഷ്‌ട്ര ശ്രദ്ധനേടി. കോടികൾ ചെലവഴിച്ചാണ് ബിനാലെ ഫൗണ്ടേഷൻ മൂന്നേക്കറോളം സ്ഥലവും കെട്ടിടവും നവീകരിച്ചത്. ഇതോടുചേർന്ന് 1.29 ഏക്കർ സ്ഥലവും കെട്ടിടവും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുണ്ട്. പ്രധാനവേദി എന്നനിലയിൽ ആസ്‌പിൻവാൾ ഹൗസ് വാങ്ങാൻ സംസ്ഥാനസർക്കാർ ശ്രമിച്ചിരുന്നു. പ്രാരംഭ ചർച്ചകളും നടന്നു. കിഫ്‌ബിയുടെ പണമുപയോഗിച്ച് വാങ്ങാനായിരുന്നു പദ്ധതി. എന്നാൽ, ഇടപാടിൽനിന്ന് ഡിഎൽഎഫ് പിന്മാറി.
2022ൽ അഞ്ചാംപതിപ്പിനുള്ള ഒരുക്കങ്ങൾക്കിടെയാണ് ഡിഎൽഎഫ് കെട്ടിടവും സ്ഥലവും തീരസംരക്ഷണസേനയ്‌ക്ക് വിൽക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ബിനാലെ അവിടെ തുടരുന്നതിൽ തടസ്സവുമുന്നയിച്ചു. അഞ്ചാംപതിപ്പ് തുടങ്ങാൻ ആഴ്‌ചകൾ ശേഷിക്കെ ഡിഎൽഎഫ് പ്രതിനിധികൾ ആസ്‌പിൻവാൾ ഹൗസിന്റെ ഗേറ്റ് പൂട്ടി. ബിനാലെ നടത്തിപ്പിന് വാടകയായി ഒരുകോടി രൂപ ആവശ്യപ്പെട്ടു. പണം നൽകി പ്രശ്‌നം പരിഹരിച്ചശേഷം രണ്ടുമാസത്തോളം വൈകിയാണ് പ്രദർശനം തുടങ്ങാനായത്.
ആസ്‌പിൻവാൾ ഹൗസ് വാങ്ങൽ വാർത്തകൾ പിന്നീട് തീരസംരക്ഷണ സേന നിഷേധിച്ചെങ്കിലും അവിടത്തെ സൗകര്യങ്ങൾ ഇപ്പോൾത്തന്നെ സേന ഉപയോഗിക്കുന്നതായാണ് വിവരം. വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും സേനയുടെ പ്രവർത്തന വിപുലീകരണത്തിന് പശ്ചിമകൊച്ചി തീരത്ത് കൂടുതൽ സ്ഥലം ആവശ്യമാണെന്നുമാണ് അന്ന് തീരരക്ഷാസേന അറിയിച്ചത്. ആസ്‌പിൻവാൾ ഹൗസ് തീരസംരക്ഷണസേനയ്‌ക്ക് കൈമാറാനുള്ള നീക്കത്തിൽനിന്ന് ഡിഎൽഎഫ് പിന്മാറുമെന്ന് ബിനാലെ ഫൗണ്ടേഷൻ കരുതുന്നില്ല. ഈ സാഹചര്യത്തിൽ പശ്ചിമകൊച്ചിയിൽത്തന്നെ പുതിയ വേദി അന്വേഷിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..