കൊച്ചി > കൊച്ചി വാട്ടർ മെട്രോയിൽ സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് ഒന്നരവർഷം പൂർത്തിയാകുമ്പോഴാണ് സഞ്ചരിച്ചവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടത്. കൊച്ചി വാട്ടർ മെട്രോയെ നെഞ്ചിലേറ്റിയ യാത്രക്കാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഫേസ് ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് വ്യവസായ മന്ത്രി പി രാജീവ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർമെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് സൂചിപ്പിക്കുന്നത്. യാത്രാസമയത്തിൽ ഉണ്ടാകുന്ന ഗണ്യമായ കുറവും മികച്ച സൗകര്യങ്ങളും വാട്ടർമെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിക്കുന്നു.
10 ടെർമിനലുകളിലായി 6 റൂട്ടിലേക്ക് കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. പതിനെട്ട് മാസം കൊണ്ട് മുപ്പത് ലക്ഷം പേരാണ് വാട്ടർ മെട്രോയിൽ സഞ്ചരിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യ വാട്ടർമെട്രോയിലേക്ക് വരുന്ന വ്ലോഗർമാരുടെ എണ്ണവും ഏറെയാണ്. വാട്ടർമെട്രോയുടെ വളർച്ച കൊച്ചിയിലേക്ക് നിരവധി ടൂറിസ്റ്റുകളെയും ആകർഷിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..