തൃശൂർ > ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന കോടികളുടെ കള്ളപ്പണം ഇറക്കിയതുമായി വിശദമായ മൊഴി തിരൂർ സതീഷ് പ്രത്യേക അന്വേഷകസംഘത്തിന് നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്‌കുമാറിന്റെയും ഉൾപ്പടെ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹ കുറ്റമായ കള്ളപ്പണ ഇടപാട് സംബന്ധിച്ച് തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും രഹസ്യസ്വഭാവമുള്ള രേഖകളും തെളിവുകളും പൊലീസിന് കൈമാറി.
ബിജെപി ഓഫീസിൽ ആറു ചാക്കിലായി ഒമ്പത് കോടി കള്ളപ്പണം എത്തിച്ചെന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കൊടകര കുഴൽപ്പണ കവർച്ചാ കേസ് തുടരന്വേഷണത്തിന് സർക്കാർ തുരുമാനിച്ചത്. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതി തുടരന്വേഷണത്തിന് അനുമതിയും നൽകി. തുടർന്നാണ് അന്വേഷകസംഘം ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി വി കെ രാജു, സതീഷിനെ ചൊദ്യം ചെയ്യാൻ വിളിപ്പിച്ചത്. തൃശൂർ പൊലീസ് ക്ലബിലായിരുന്നു ചോദ്യം ചെയ്യൽ. വെള്ളിയാഴ്‌ച രാവിലെ പതിനൊന്നോടെ ആരംഭിച്ച ചോദ്യം ചെയ്യൽ രണ്ടരമണിക്കൂർ നീണ്ടു. ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ നടന്ന രാജ്യദ്രോഹക്കുറ്റമായ കള്ളപ്പണ ഇടപാടിൽ തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും കണ്ട കാര്യങ്ങളും പൊലീസിന് മൊഴി നൽകിയതായി സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..