01 November Friday
പണം കൊണ്ടുവന്നത് നേരിൽ കണ്ടു

കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ തെളിവുകളുമായി ബിജെപി ഓഫീസ് സെക്രട്ടറിയുടെ ദൃക്സാക്ഷി മൊഴി

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

തൃശ്ശൂർ> കൊടകര കുഴൽപ്പണക്കേസുമായി ബിജെപിയെ ബന്ധപ്പെടുത്താനുതകുന്ന തെളിവുകൾ ഒന്നുമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അവകാശപ്പെടുമ്പോഴും തൃശ്ശൂരിലെ പാർട്ടി ആസ്ഥാനത്തേക്ക് ചാക്കുകെട്ടുകളിൽ എത്തിച്ചത് പണം തന്നെയെന്ന് സ്ഥിരീകരിക്കുന്ന പുതിയ തെളിവുകൾ പുറത്ത്. ഇടപാടുമായി ബന്ധപ്പെട്ടവരുടെ സാന്നിധ്യം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ.   

ഓഫീസ് സെക്രട്ടറി തിരൂർ സതീശ് തൽസ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട വ്യക്തിയാണ് എന്നാണ് പറഞ്ഞു നിൽക്കാൻ വേണ്ടി അവതരിപ്പിച്ച വാദം. എന്നാൽ സംഭവ സമയത്ത് താൻ ഉണ്ടായിരുന്നു എന്ന് സതീശ് വ്യക്തമാക്കി. അക്കാലത്ത് ബിജെപിയുടെ ആവശ്യങ്ങൾക്ക് വേണ്ടി ബാങ്കിൽ പണം നിക്ഷേപിച്ചതിന്റെ റസീപ്റ്റ് ഉൾപ്പെടെ സതീശ് തെളിവായി നിരത്തി. താൻ ഒന്നരവർഷം മുമ്പും ജില്ലാ ഓഫീസിൽ ഉണ്ടായിരുന്നു എന്നകാര്യം കൃത്യമായി തെളിയിച്ചു. സംഭവങ്ങൾ നടക്കുന്ന സമയത്ത് തൃശ്ശൂർ ബിജെപി ജില്ലാ ഓഫീസിന്റെ ചുമതലയിലായിരുന്നു തിരൂർ സതീശ്. അന്ന് നേരിൽ കണ്ട കാര്യങ്ങളാണ് പറയുന്നത്.

ബിജെപിയിൽ നിന്ന് രണ്ട് വർഷം മുമ്പ് സതീശനെ പുറത്താക്കിയിരുന്നതാണ് എന്നാണ് കഴിഞ്ഞ ദിവസം ബിജെപി നേതാക്കളും ആവർത്തിച്ച് അവകാശപ്പെട്ടത്. കുഴൽപ്പണക്കേസിൽ അയാൾക്ക് അറിയാവുന്ന കാര്യങ്ങൾ നിർണ്ണായകമായിരുന്നു. നേരിൽ കണ്ട കാര്യങ്ങൾ ശക്തമായ തെളിവായും മാറുകയാണ്.

പണം നൽകുന്നതിന് 20 ദിവസം മുമ്പ് ധർമ്മരാജൻ പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ് കുമാറും ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസിൽ ഉണ്ടായിരുന്നു എന്നും സതീശ് കൃത്യമായി പറയുന്നു. പരസ്പരം അറിഞ്ഞ് നടത്തിയ ഇടപാടാണ്. മെറ്റീരിയൽ കൊണ്ടു വരുന്ന വ്യക്തി എന്ന് പറഞ്ഞാണ് ധർമ്മരാജനെ അന്ന് പരിചയപ്പെടുത്തിയിരുന്നത്.

 



'ധർമ്മരാജൻ ഇരുപതു മിനിറ്റോളം ഓഫീസിൽ ഉണ്ടായിരുന്നു. അതിന് ശേഷം പോവുകയാണ് ചെയ്തത്. കോടിക്കണക്കിന് രൂപ അവിടെ വന്നതിന് കാവൽ നിന്നയാളാണ് ഞാൻ. പണം എത്തിക്കുന്ന സമയത്ത് അവിടെ ഞാനും ജില്ലാ ട്രഷററും ഉണ്ടായിരുന്നു. പണം വരുന്നുണ്ടോ എന്നൊന്നും അറിയില്ലായിരുന്നു. ഓഫീസ് അടയ്ക്കാന്‍ വരട്ടെ കുറച്ച് എലക്ഷൻ മെറ്റീരിയൽ വരാനുണ്ട് എന്ന് ജില്ലാ ട്രഷററാണ് പറഞ്ഞത്. ആറ് ചക്കുകളോളം വന്നിട്ടുണ്ട്. പണം എന്നറിഞ്ഞത് പിന്നീടാണ്. ടെമ്പോ പിക്കപ്പ് വാൻ പോലുള്ള വാഹനത്തിലാണ് കൊണ്ടു വന്നത്'-

 

     -തിരൂർ സതീശ് പറഞ്ഞു.



ഒരു രാഷ്ട്രീയപാർട്ടിയുടെ പേരിൽ കണ്ടെത്തിയ ഏറ്റവും വലിയ ഹവാല ഇടപാട്

കേരളം ഇതുവരെ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുഴൽപ്പണ ഇടപാടാണ് തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. കേസ് കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്നാണ് കെ സുരേന്ദ്രൻ ഇതുവരെ ആവർത്തിച്ചുകൊണ്ടിരുന്നത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നുനാൾമുൻപ്, ഏപ്രിൽ നാലിന് പുലർച്ചെ 4.40-നാണ് കൊടകരയിൽ വ്യാജ അപകടം സൃഷ്ടിച്ച് കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. ഇത് തൃശ്ശൂർ ഇടപാട് കഴിഞ്ഞ ശേഷമായിരുന്നു എന്നാണ് വ്യക്തമാവുന്നത്.

കവർച്ചാ നടകത്തിലേത് ബി.ജെ.പി.യുടെ പണമായിരുന്നെന്നും മൂന്നരക്കോടി ഉണ്ടായിരുന്നെന്നും പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. തിരഞ്ഞെടുപ്പിനായി കർണാടകയിൽനിന്ന് കണക്കിൽ കാണിക്കാതെ കടത്തിക്കൊണ്ടു വന്ന കള്ള പണത്തിലെ വിഹിതമാണ്. ആലപ്പുഴ ജില്ലാ ട്രഷറർക്ക് നൽകാനാണ് കൊണ്ടുപോയതെന്നാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ പൊലീസ് പറയുന്നത്. കേസിൽ 23 പേരെ അറസ്റ്റു ചെയ്തു. ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ 19 പേർ സാക്ഷികളാണ്. കവർന്നതിൽ 1.4 കോടി എവിടെയെന്ന് കണ്ടെത്താൻ സാധിച്ചില്ല.

41 കോടി 20 ലക്ഷം രൂപയാണ് ധർമ്മരാജൻ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് എത്തിയത് എന്നാണ് കണ്ടെത്തിയിരുന്നത്. പണം നൽകിയ ഉന്നതൻ ആരാണ് എന്നത് ഇ.ഡിക്ക് നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കളിൽ ആരാണ് കേരളത്തിൽ പണമിടപാടുകൾ നിയന്ത്രിച്ചിരുന്നത് എന്നതും പുറത്തു വരാനിരിക്കയാണ്.

പിഎംഎൽഎയുടെ പരിധിയിൽ വരുന്ന വിവരങ്ങളാണ്. ഇവ ഇഡിക്ക് റിപ്പോർട്ടായി ലഭിക്കയും ചെയ്തു. ബെംഗളൂരുവിൽ എങ്ങനെയാണ് ഹവാല ഇടപാടുകൾ നടക്കുന്നത് എന്നതുൾപ്പെടെ ഇതോടെ പുറത്തു വരാം. ബി ജെ പി ഉന്നതർ ഇതിൽ അകപ്പെടും. ഇടപാടിന്റെ വ്യാപ്തി അന്വേഷക സംഘത്തെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നു.

രണ്ട് ഹവാല ഓപ്പറേറ്റർമാരിൽ നിന്നാണ് ധർമ്മരാജനിലേക്ക് പണം എത്തിയത്. ഓരോ തവണയും ബെംഗളൂരുവിൽ എത്തുമ്പോൾ ഓരോ മൊബൈൽ നമ്പറുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇതെല്ലാം റിപ്പോർട്ടിൽ ഉൾപ്പെടുന്നു.

ഓരോ ദിവസവും എങ്ങനെയാണ് പണം എത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്. തുടങ്ങിയ വിവരങ്ങൾ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പ്രത്യേകാന്വേഷണത്തിന്റെയും ഇഡിയുടേയും കൈവശമുള്ള റിപ്പോർട്ട് പുതിയ തെളിവുകളുടെ  അടിസ്ഥാനത്തിൽ കൂടുതൽ ഗൌരവതരമാവുകയാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top