22 December Sunday

കള്ളം പൊളിച്ച് മൊഴികൾ: കുഴൽപ്പണക്കവർച്ച മറച്ചുവച്ചത്‌ 
സുരേന്ദ്രന്റെ നിർദേശപ്രകാരം

സ്വന്തം ലേഖകൻUpdated: Sunday Nov 10, 2024

തൃശൂർ> കൊടകര കുഴൽപ്പണക്കവർച്ച നാലുദിവസം മറച്ചുവച്ചത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നിർദേശപ്രകാരമാണെന്ന വിവരം സാധൂകരിച്ച്‌ ധർമരാജന്റെയും സുരേന്ദ്രന്റെയും മൊഴി പുറത്ത്‌. 2021 ഏപ്രിൽ നാലിനാണ്‌ കൊടകരയിൽവച്ച്‌ കാറപകടം സൃഷ്ടിച്ച്‌  മൂന്നരക്കോടി  കവർന്നത്‌. ആറിന്‌ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ വിവരം മറച്ചുവച്ചു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഏഴിനാണ്‌  കൊടകര പൊലീസിൽ പരാതി നൽകിയത്‌. 25 ലക്ഷം രൂപ കവർന്നെന്നായിരുന്നു പരാതി.  

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലേക്ക്‌ കുഴൽപ്പണം കടത്തുന്ന വിവരം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ അറിയാമെന്ന്‌  ധർമരാജൻ പൊലീസിന്‌ നൽകിയ മൊഴിയിലുണ്ട്‌. കൊടകരയിൽ കുഴൽപ്പണം കവർച്ച നടന്നയുടൻ സുരേന്ദ്രനെ വിളിച്ചതിന്റെ കോൾലിസ്‌റ്റ്‌ ഇതിന്‌ തെളിവായുണ്ട്‌. ധർമരാജനുമായി ബന്ധപ്പെടാറുണ്ടെന്നും കവർച്ച നടന്നകാര്യം ധർമരാജൻ അറിയിച്ചതായും സുരേന്ദ്രന്റെ മൊഴിയിലുണ്ട്‌.  
ആലപ്പുഴ ജില്ലാ ട്രഷറർ കർത്തയ്‌ക്ക്‌ കൈമാറാൻ എൽപ്പിച്ച പണമാണ്‌ കൊടകരയിൽ കവർന്നത്‌. വിവരം ബിജെപി സംഘടനാ സെക്രട്ടറി  എം ഗണേഷിനും  ഓഫീസ്‌ സെക്രട്ടറി ഗിരീഷിനും അറിയാം. തുടർന്നുള്ള കാര്യങ്ങൾ സംസ്ഥാന പ്രസിഡന്റിനോട്‌ ആലോചിച്ച്‌ തീരുമാനിക്കാമെന്ന്‌  സുജയ്‌ സേനൻ പറഞ്ഞെന്നും തന്നോട്‌  കോഴിക്കോട്ടേക്ക്‌ മടങ്ങാൻ  നിർദേശിച്ചെന്നും ധർമരാജന്റെ  മൊഴിയിലുണ്ട്‌.

തെരഞ്ഞെടുപ്പ്‌  കഴിഞ്ഞ്‌ ഏപ്രിൽ ഏഴിനാണ്‌ പണംകടത്തിയ കാറിന്റെ ഡ്രൈവർ ഷംജീർ 25 ലക്ഷം നഷ്ടപ്പെട്ടെന്ന്‌ കൊടകര പൊലീസിൽ പരാതി നൽകിയത്‌. പണത്തിന്റെ ഉറവിടം കാണിക്കാൻ നിവൃത്തിയില്ലാത്തതിനാൽ ബിജെപി നേതാവ്‌ സുനിൽ നായിക് തന്ന പണമാണെന്ന്‌ പൊലീസിന്‌ കള്ളമൊഴി നൽകി. കേസ്‌ രജിസ്‌റ്റർ ചെയ്‌തശേഷം പ്രതി ദീപക്കിനെ ബിജെപി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതായി ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാറിന്റെ മൊഴിയിലുണ്ട്‌. എല്ലാ നേതാക്കളും അറിഞ്ഞ്‌ ആസൂത്രിതമായാണ്‌ പരാതി വൈകിച്ചതെന്ന്‌ ഈ മൊഴികൾ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top