തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികം ഒക്ടോബർ ഒന്നിന് ആചരിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ച സഖാവായിരുന്നു കോടിയേരി. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃനിരയിൽ എത്തിയ അദ്ദേഹം അതുല്യനായ സംഘാടകനും വാഗ്മിയുമായിരുന്നു. പാർടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റേത്. ഏൽപ്പിച്ച ചുമതലകൾ ഫലപ്രദമായി നിർവഹിച്ചു.
മതരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാർ അജൻഡകളെ ഇന്ത്യൻ ജനത പൊതുതെരഞ്ഞെടുപ്പിലൂടെ തടഞ്ഞെങ്കിലും വർഗീയ പ്രചാരണത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും വഴികളിലൂടെയാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. ഫെഡറലിസത്തെ തകർക്കാനുള്ള ഇടപെടലുകളും സജീവം. കേരളത്തിൽ അധികാരത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാരിനെ ദുർബലപ്പെടുത്താൻ വലതുപക്ഷ രാഷ്ട്രീയ ശക്തികളുടെ ഇടപെടലും നടക്കുന്നു.
കോർപ്പറേറ്റ് നയങ്ങൾക്കെതിരെ രാജ്യത്തുയരുന്ന പോരാട്ടങ്ങളെ ദുർബലപ്പെടുത്താനും വർഗീയ ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങളും സജീവമാണ്. ഇതിനെതിരെ ജനകീയ ചെറുത്തുനിൽപ്പുകൾ ഉയരണം. ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. പാർടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും ഒക്ടോബർ ഒന്നിന് കോടിയേരിയുടെ സ്മരണ പുതുക്കാനും സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..