കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ പ്രോജ്വല സ്‌മരണ പുതുക്കി നാട്. രണ്ടാം ചരമവാർഷികദിനത്തിൽ സംസ്ഥാനത്തുടനീളം പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരിയും പുഷ്പാർച്ചനയും നടത്തിയും ജനനായകനെ നാട് സ്‌മരിച്ചു. കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, സ്പീക്കർ എ എൻ ഷംസീർ, വ്യവസായമന്ത്രി പി രാജീവ് തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.
അനുസ്മരണ സമ്മേളനം എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഇ പി ജയരാജൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കൾ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. കോടിയേരിയുടെ വെങ്കലപ്രതിമ മുളിയിൽനടയിലെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്‌തു. തുടർന്ന് ചേർന്ന പൊതുയോഗം ബൃന്ദ കാരാട്ട് ഉദ്‌ഘാടനം ചെയ്‌തു.
തിരുവനന്തപുരം എ കെ ജി സെന്ററിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ പതാക ഉയർത്തി. ദേശാഭിമാനി ആസ്ഥാനത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ പതാകയുയർത്തി. അനുസ്‌മരണ പ്രഭാഷണവും നിർവഹിച്ചു. ജനറൽ മാനേജർ കെ ജെ തോമസ്, ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.
കോടിയേരിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തു
സിപിഐ എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ രണ്ടാം ചരമവാർഷികദിനത്തിൽ മുളിയിൽനടയിലെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്‌തു. കാരായി രാജൻ സ്വാഗതം പറഞ്ഞു. ശിൽപ്പി എൻ മനോജ്കുമാറിനും സഹായി ശ്രീജിത്തിനും മുഖ്യമന്ത്രി ഉപഹാരം നൽകി.
സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, വ്യവസായമന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, എംപിമാരായ വി ശിവദാസൻ, പി സന്തോഷ്‌കുമാർ, എഴുത്തുകാരൻ ടി പത്മനാഭൻ, പന്ന്യൻ രവീന്ദ്രൻ, മുൻ ഡിജിപി ഋഷിരാജ് സിങ്, മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ, ഫാ. സിജോ പന്തപ്പള്ളിൽ, ലിബർട്ടി ബഷീർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, പി ശശി, വത്സൻ പനോളി, ടി വി രാജേഷ്, ജില്ലാ സെക്രട്ടറി എം വി ജയരാജൻ, എംഎൽഎമാരായ കെ പി മോഹനൻ, കെ വി സുമേഷ്, എം വിജിൻ, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..