26 December Thursday

ലോകായുക്ത നിയമ ഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ല; നടപടി നിയമാനുസൃതം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

തിരുവനന്തപുരം > ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും നടപടി നിയമാനുസൃതമാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ലോകായുക്തയിലെ സെക്ഷൻ 14 ലാണ് ചട്ടലംഘനം നടത്തിയാൽ പദവിയിൽ നിന്നും പുറത്താക്കാൻ അധികാരികൾ നിർബന്ധിതരാകുന്നത്. അതിനുമുകളിൽ അപ്പീൽ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീൽ അധികാരമില്ലാത്ത വകുപ്പ് നൽകിയത് ഭരണ ഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടിയത്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിച്ചതും ഓർഡിനൻസ്‌ ഗവർണറുടെ അംഗീകാരത്തിനായി സമർപ്പിച്ചതുമെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ ലോകായുക്ത നിയമം എൽഡിഎഫ് സർക്കാരാണ് കൊണ്ടുവന്നത്. അതിന് ശേഷമാണ് കേന്ദ്രത്തിൽ ലോക്‌പാൽ നിയമം നിലവിൽ വന്നത്. ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ഇപ്പോൾ ലോകായുക്ത നിലവിലുണ്ട്. ലോക്‌പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച ശേഷമാണ് ഇവിടത്തെ നിയമത്തിൽ ഭേദഗതി വേണമെന്ന് 2021 ഏപ്രിൽ 13ന് അന്നത്തെ എജി സുധാകര പ്രസാദ് നിയമോപദേശം നൽകിയത്. പരിശോധിച്ചപ്പോൾ അതിൽ പ്രസക്തിയുണ്ടെന്ന്‌ കണ്ടെത്തി.

കർണാടക, ആന്ധ്ര, തമിഴ്‌നാട്‌, ബീഹാർ, രാജസ്ഥാൻ, ഗുജറാത്ത്‌ സംസ്ഥാനങ്ങളിൽ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ പറത്താക്കാൻ ലോകായുക്തക്ക്‌ അധികാരമില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി അങ്ങനെ തന്നെയാണ്. 1996 ലാണ്‌ പഞ്ചാബിൽ ലോകായുക്ത നിയമം വരുന്നത്‌. പഞ്ചാബിൽ 2020 തിൽ ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാർ എംഎൽഎമാർ എന്നിവരെ കുറ്റക്കാരെന്ന്‌ കണ്ടെത്തി പുറത്താക്കാൻ ലോകായുക്തയ്‌ക്ക്‌ അധികാരമില്ല. 2006ലും ഡയറക്‌ടർ ജനറൽ ഓഫ്‌ പ്രസിക്യൂഷൻ ഇത്തരമൊരു ഭരണഘടനാ പ്രശ്‌നം ലോകായുക്ത നിയമത്തിലുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചിരുന്നതായും കോടിയേരി പറഞ്ഞു.

ലോകായുക്തയിൽ മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരെ പരാതി വന്നതിന് അടിസ്ഥാനത്തിലാണ് ഭേദഗതിയെന്ന വാദം തെറ്റാണ്‌. രമേശ്‌ ചെന്നിത്തല ആർ ബിന്ദുവിനെതിരെ പരാതി നൽകിയത്‌ 2021 നവംബർ 21 ന്‌ ശേഷമാണ്‌ എന്നാൽ എജിയുടെ നിയമോപദേശം അതിന്‌ മുമ്പ്‌ ലഭിച്ചതാണ്‌.

സർക്കാർ ഓർഡിനൻസ്‌ കൊണ്ടുവന്നപ്പോൾ പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചില്ലെന്ന ഒരു വാദം ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു വ്യവസ്ഥയില്ല. നിയമസഭ സമ്മേളനമില്ലാത്ത അവസരങ്ങളിൽ മന്ത്രിസഭയ്‌ക്ക്‌ ഓർഡിനൻസ്‌ തയ്യാറാക്കി ഗവർണർക്ക്‌ സമർപ്പിക്കാൻ അവകാശമുണ്ട്‌. ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. നിയമ ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും ഇതൊരു ബിൽ ആയി നിയമസഭയിൽ വരുമ്പോൾ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും അഭിപ്രായം പറയാമെന്നും കോടിയേരി പറഞ്ഞു.

 



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top