29 November Friday

യാഥാര്‍ത്ഥ്യമാകുന്നത്‌ ബിജെപി കത്തയച്ച് മുടക്കാന്‍ ശ്രമിച്ച ദേശീയപാതാ വികസനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 23, 2021

കൊച്ചി > കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി ദേശീയപാത വികസനത്തിന് ടെന്‍ഡര്‍ ആയതോടെ പൊളിഞ്ഞത് സംസ്ഥാന വികസനത്തിന് പാരവെച്ച ബിജെപിയുടെ കുതന്ത്രം. ദേശീയപാതാ വികസനത്തിനായുള്ള സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് 2018ല്‍ അന്നത്തെ ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ദേശീയപാതാ വികസനം നിര്‍ത്തിവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കരുതെന്ന ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് സിപിഐ എം ചൂണ്ടിക്കാട്ടിയിരുന്നു.

കേരള വികസനത്തിന് എതിര് നില്‍ക്കുന്ന ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്തയച്ചത്. ഇത് ബിജെപിക്കുള്ളിലും ചര്‍ച്ചയായിരുന്നു.

പി എസ് ശ്രീധരന്‍പിള്ള കേന്ദ്രസര്‍ക്കാരിന് അയച്ച കത്ത്‌

പി എസ് ശ്രീധരന്‍പിള്ള കേന്ദ്രസര്‍ക്കാരിന് അയച്ച കത്ത്‌



പദ്ധതി 2020ല്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിനുള്ള നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് ബിജെപി സംസ്ഥാന നേതൃത്വം പരാതിയുമായി പോയത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെ തുടര്‍ന്ന് 2013-ല്‍ യുഡിഎഫ് സര്‍ക്കാര്‍ ദേശീയപാതാവികസന പദ്ധതി ഉപേക്ഷിച്ചതാണ്.  എല്‍ഡിഎഫ് വന്ന ശേഷം ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നം കൂടി കണക്കിലെടുത്താണ് നടപടികളുമായി മുന്നോട്ടുപോയത്. ദശാബ്ദങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്കം തീര്‍പ്പാക്കി ഭൂമി ഏറ്റെടുക്കുന്നതിനെ അന്ന് ന്യൂനപക്ഷ തീവ്രവാദ സംഘടനകള്‍ ശക്തമായി എതിര്‍ത്തിരുന്നു. പി എസ് ശ്രീധരന്‍പിള്ള കൂടി രംഗത്ത് വന്നതോടെ പദ്ധതി തടയാന്‍ സംഘപരിവാറും ലക്ഷ്യമിട്ടിരുന്നുവെന്ന് വ്യക്തമായി.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഒക്ടോബറില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പദ്ധതിക്കായി 3465.82 കോടി രൂപ അനുവദിച്ചു. 25.15 കിലോമീറ്റര്‍ ആറുവരിപ്പാതയാക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് 144.64 ഹെക്ടര്‍ ഏറ്റെടുക്കണം. ഇതില്‍ 25 ശതമാനം തുക സംസ്ഥാനം വഹിക്കും. കൊടുങ്ങല്ലൂര്‍- ഇടപ്പള്ളി ദേശീയപാത വികസനത്തിന് ഓറിയന്റല്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് ടെന്‍ഡര്‍ ലഭിച്ചത്.

കാസര്‍കോട് തലപ്പാടിമുതല്‍ തിരുവനന്തപുരം കാരോടുവരെ 600 കിലോമീറ്റര്‍ ദേശീയപാത ആറു വരിയാക്കുന്നതിന്റെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആകെ 24 പദ്ധതിയാണുള്ളത്. മൂന്നെണ്ണം പാലങ്ങളുടെ പദ്ധതിയാണ്. കൊച്ചി നഗരത്തിന്റെ വികസനത്തിനും മുസിരിസ് പൈതൃക സംരക്ഷണ ടൂറിസത്തിനും ഈ പാത വലിയ ഉണര്‍വേകും. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ എല്ലാ ഇടപെടലും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top