25 December Wednesday

കൊല്ലം കലക്ടറേറ്റ് ബോംബ് സ്ഫോടനം: മൂന്ന് പ്രതികൾക്കും ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

അബ്ബാസ് അലി, ഷംസൂൺ കരിംരാജ, ദാവൂദ് സുലൈമാൻ

കൊല്ലം> കലക്ടറേറ്റ് വളപ്പിൽ മുൻസിഫ് കോടതിക്കു സമീപം ബോംബ് സ്ഫോടനം നടത്തിയ കേസിൽ മൂന്നു പ്രതിക്കും ജീവപര്യന്തം. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബേസ് മൂവ്മെന്റ് പ്രവർത്തകരായ മധുര നെല്ലൂർ ഇസ്മയിൽപുരം നാലാം തെരുവിൽ അബ്ബാസ് അലി (33, ലൈബ്രറി അലി), വിശ്വനാഥ് നഗർ സ്വദേശി ഷംസുൻ കരിംരാജ (28, കരീം), മധുര നെൽപ്പട്ട കെ പുതുർ കരിംഷാ മസ്ജിദിനു സമീപം ഒന്നാംതെരുവിൽ ദാവൂദ് സുലൈമാൻ (28, ദാവൂദ്) എന്നിവരാണ് പ്രതികൾ. 

നാലാം പ്രതിയെ തെളിവുകൾ ഇല്ലാത്തതിനാൽ വിട്ടയച്ചിരുന്നു. അഞ്ചാംപ്രതി മുഹമ്മദ്‌ അയൂബിനെ മാപ്പുസാക്ഷിയാക്കി. 2016 ജൂൺ 15നു പകൽ 10.45ന്‌ ആയിരുന്നു സ്‌ഫോടനം. ഐഇഡി (ഇംപ്രവൈസ്‌ഡ്‌ എക്‌സ്‌പ്ലോസീവ്‌ ഡിവൈസ്‌) ബോംബ്‌ ടിഫിൻ ബോക്‌സിൽ കവർചെയ്‌ത്‌ കലക്ടറേറ്റ്‌ വളപ്പിൽ കിടന്ന ജീപ്പിൽ വയ്‌ക്കുകയായിരുന്നു. തമിഴ്നാട്‌ കീഴവേളിയിൽ അബ്ബാസ് അലി നടത്തിയിരുന്ന ദാറുൾ ഇലം ലൈബ്രറിയിലാണ്‌ ബേസ് മൂവ്മെന്റ്  ഭീകരവാദ സംഘടനയ്ക്ക് രൂപം നൽകിയത്‌. മറ്റു പ്രതികളെ ആകർഷിക്കാൻ ബിൻലാദന്റെ ആശയങ്ങൾ പ്രചരിപ്പിച്ചു. രാജ്യത്ത്‌ കോടതികൾ പ്രവർത്തിക്കുന്ന ഇടങ്ങളിൽ ബോംബ് സ്ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. മലപ്പുറം കലക്ടറേറ്റ്, നെല്ലൂർ, ചിറ്റൂർ, മൈസൂർ എന്നിവിടങ്ങളിലും സ്ഫോടനം നടത്തി.  

അബ്ബാസ് അലിയുടെ വീട്ടിൽ ബോംബ് നിർമിച്ചശേഷം മധുരയിൽനിന്ന് തെങ്കാശി ബസിൽ കയറി കൊല്ലം കലക്ടറേറ്റ് വളപ്പിൽ എത്തിയ രണ്ടാം പ്രതി ഷംസുൻ കരിംരാജ ബോംബ് സ്ഥാപിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്ഫോടനത്തിന് രണ്ടാഴ്ച മുമ്പ്‌ കരിംരാജ കലക്ടറേറ്റിൽ എത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.  സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ബേസ് മൂവ്മെന്റ്  ഏറ്റെടുക്കുന്നതായി മൂന്നാം പ്രതി ദാവൂദ് സുലൈമാൻ ആന്ധ്രയിൽനിന്ന് സമൂഹമാധ്യമങ്ങളിലൂടെ സന്ദേശം പ്രചരിപ്പിച്ചു. കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ്‌ കൊല്ലം അസിസ്റ്റന്റ് പൊലീസ് കമീഷണറാണ്‌ അന്വേഷിച്ചത്‌. അതിനിടെ  മൈസൂർ സ്‌ഫോടനക്കേസ് അനേഷിച്ച എൻഐഎ ഹൈദരാബാദ് യൂണിറ്റ്‌ ഉദ്യോഗസ്ഥർ 2016 നവംബർ 28ന്‌ പ്രതികളെ അറസ്റ്റ് ചെയ്തു.


ജില്ലാ ഗവ. പ്ലീഡർ ആർ സേതുനാഥ്‌ ആണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌ക്കൽ, അഭിഭാഷകരായ മിലൻ മറിയം മാത്യു, പി ബി സുനിൽ, എസ് പി പാർഥസാരഥി,  ബി ആമിന എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കൊല്ലം എസിപിയായിരുന്ന ജോർജ് കോശിയാണ്‌ കുറ്റപത്രം സമർപ്പിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top