26 December Thursday

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: 25 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Oct 15, 2023

കൂട്ടിക്കലിൽ സിപിഐ എം നിർമിച്ച വീടുകൾ (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സനൂപ് സാം എടുത്ത ചിത്രം)

കൂട്ടിക്കൽ> പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനെതിരെ മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയുമായി സിപിഐ എമ്മിന്റെ സഹായ ഹസ്‌തം. കൂട്ടിക്കൽ ഉരുൾപൊട്ടലിന്‌ തിങ്കളാഴ്ച രണ്ടു വർഷം തികയുമ്പോൾ  25 വീടുകൾ നിർമിച്ച്‌ ഗുണഭോക്താക്കളെ  സിപിഐ എം നിശ്‌ചയിച്ചു.  കൂട്ടിക്കൽ ടൗൺ വാർഡിൽ ഉൾപ്പെട്ട തേൻപുഴയിലാണ്‌ ഒരേ പോലെയുള്ള 25 വീടുകളുടെ നിർമാണം  പൂർത്തീകരിച്ചത്‌.
 
രണ്ടു മുറി, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഓരോ വീടും. ഒരോവീടിനും അർഹരായവരെ ശനിയാഴ്‌ച നറുക്കിട്ടെടുത്തു. നിർമാണ പ്രവർത്തനത്തിന്‌ ആദ്യാവസാനം മേൽനോട്ടം വഹിച്ച നേതാക്കൾ  പങ്കെടുത്തു.  മന്ത്രി വി എൻ വാസവൻ നറുക്കെടുത്തു. ജില്ലാ സെക്രട്ടറി എ വി റസൽ അധ്യക്ഷനായി. സിപിഐ എം  മുതിർന്ന നേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ്, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് , ഷെമിം അഹമ്മദ്‌, തങ്കമ്മ ജോർജുകുട്ടി, അജിത അനീഷ്‌, പി കെ സണ്ണി, പി എസ്‌ സജിമോൻ എന്നിവർ സംസാരിച്ചു.     
 
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച്‌ റോഡ്‌ കോൺക്രീറ്റു ചെയ്യാൻ നടപടിയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ തുക ഉപയോഗിച്ച്‌ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രണ്ടു കുഴൽക്കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്ത് ഓവർ ഹെഡ് ടാങ്കിലെത്തിച്ച്  വെള്ളവുമെത്തിക്കും.
 
കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ പാർടി അംഗങ്ങളിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വീട്‌ നിർമാണത്തിനുള്ള രണ്ടേക്കർ പത്ത് സെന്റ്‌ സ്ഥലം വാങ്ങിയത്. കോട്ടയം ജില്ലാ കമ്മിറ്റി വർഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ പൂർത്തീകരിച്ചത്.

വീടുകളുടെ ഔപചാരികമായ കൈമാറ്റം നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. 2022 ഫെബ്രുവരി 22 ന് ഏന്തയാർ ജെ ജെ മർഫി സ്മാരക ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അന്നത്തെ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്  ഭവന സമുച്ചയത്തിന് തറക്കല്ലിട്ടത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top