കോട്ടയം > രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇനി സുരക്ഷിതമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്താം. ബസ് സ്‌റ്റാൻഡിൽനിന്ന് റോഡ് മുറിച്ചുകടക്കാതെ ആശുപത്രിയിലെത്താനുള്ള ഭൂഗർഭപാത നാടിന് സമർപ്പിച്ചു.
മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. ഉദ്‌ഘാടനസമ്മേളനത്തിൽ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, കലക്ടർ ജോൺ വി സാമുവൽ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ്, സുപ്രണ്ട് ഡോ. ടി കെ ജയകുമാർ, ഐസിഎച്ച് സുപ്രണ്ട് ഡോ. കെ പി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
ഏഴായിരത്തോളം പേരാണ് ദിവസവും മെഡിക്കൽ കോളേജ് ഒപിയിലേക്കടക്കം എത്തുന്നത്. റോഡ് മുറിച്ചുകടക്കുമ്പോൾ അപകടങ്ങളും ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭൂഗർഭപാതയുടെ നിർമാണം നാടിന് ആശ്വാസമാകുന്നത്. അത്യാഹിത വിഭാഗത്തിലേക്കുള്ള പ്രവേശന കവാടത്തിനരികെയുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിന് സമീപത്തുനിന്ന് ആരംഭിച്ച് മെഡിക്കൽ കോളേജ് ബൈപാസ് റോഡ് കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിന് സമീപം അവസാനിക്കുന്ന രീതിയിലാണ് പാത.
രണ്ടുവർഷം മുമ്പ് സംഘടിപ്പിച്ച വികസന ശിൽപ്പശാലയിൽ മന്ത്രി വി എൻ വാസവനാണ് അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്. 1.30 കോടി രൂപ ചെലവിട്ടാണ് പാതയുടെ നിർമാണം. 18.57 മീറ്റർ നീളവും അഞ്ചുമീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുണ്ട്. പാതയ്‌ക്കുള്ളിൽ ആധുനിക രീതിയിലുള്ള വെളിച്ചസംവിധാനങ്ങളും ഫാനും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നപക്ഷം വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും സജ്ജമായി. പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ പാലത്ര കൺസ്ട്രക്ഷൻസ് ആണ് നിർമാണം പൂർത്തിയാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..