തിരുവനന്തപുരം> സിപിഐ എം നേതാക്കളുടെ ഭാര്യമാർക്കെതിരെയും ഇടതുപക്ഷ വനിതാ നേതാക്കൾക്കെതിരെയും ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്‌ത കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഐഡിയുടെ പിന്നിലുള്ള അബിന് കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം. കോൺഗ്രസിന്റെ സൈബർ മുഖം കൂടിയായ അബിൻ കോടങ്കര വാർഡ് പ്രസിഡന്റും കെഎസ്‌യു മണ്ഡലം വൈസ് പ്രസിഡന്റുമാണ് .
കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമാന് അബിനുള്ളതെന്ന് ഒറിജിനൽ ഐഡിയിൽ നിന്നുള്ള ഫോട്ടോകൾ വ്യക്തമാക്കുന്നു. കോട്ടയം കുഞ്ഞച്ചൻ പേജിലൂടെ ലൈംഗികാതിക്രമത്തിന് ആഹ്വാനം ചെയ്‌തതിന് പാറശാല കോടങ്കര സ്വദേശിയായ അബിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തുിരുന്നു.
അബിന്‍ രമേശ് ചെന്നിത്തലയോടൊപ്പം
ഇയാളുടെ ഫോണിലും സമൂഹ മാധ്യമ അക്കൗണ്ടുകളിലും നിരവധി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങളുണ്ട്. രമേശ് ചെന്നിത്തല ഷാളണിയിച്ച് ആദരിക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് ഇയാൾ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ചാണ്ടി ഉമ്മൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഉമ്മൻചാണ്ടി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ട്.
ചാണ്ടി ഉമ്മനൊപ്പം അബിന്‍ രമേശിന്റെ സെല്‍ഫി
കോട്ടയം കുഞ്ഞച്ചൻ എന്ന ഫേക്ക് ഐഡി നിർമിച്ചായിരുന്നു അബിൻ സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപവും ലൈംഗികാതിക്രമത്തിനുള്ള ആഹ്വാനവും നടത്തിയിരുന്നത്. സിപിഐ എം നേതാക്കൾക്കും യുവതികൾക്കുമെതിരെ മോശം പരാമർശങ്ങളടങ്ങിയ പോസ്റ്റുകളും ഫെയ്‌സ്‌ബുക്കിലുണ്ട്. കോൺഗ്രസിന്റെ പ്രമുഖ ഗ്രൂപ്പുകളിൽ അംഗമായിട്ടുള്ള സൈബർ നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്നവരിൽനിന്നുള്ള നിർദേശങ്ങൾ ലഭിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
അബിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെപ്പം
അതേസമയം പൊതുരംഗത്തുള്ള വനിതകളെയും പൊതുപ്രവർത്തകരുടെ ഭാര്യമാരെയും കുടുംബത്തെയും ലൈംഗിക വൈകൃതങ്ങളോടെ ആക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് ഉന്നത നേതാക്കളുമായി ബന്ധമുള്ളയാൾ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മുതിർന്ന ഉന്നത കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അബിൻ നേതൃത്വത്തിന്റെ കൂടി അറിവോടെയാണ് ഇത്തരത്തിലുള്ള ഫെയ്‌സ്‌ബുക്ക് പോസ്റ്റുകൾ സൃഷ്ടിച്ചത്. പോസ്റ്റിനടിയിൽ കമന്റുകൾ ചെയ്തു പിന്തുണച്ചവരിൽ കോൺഗ്രസിന്റെ നേതാക്കളുമുണ്ട്. സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..