കോട്ടയം > നിർമാണം തുടങ്ങിയെങ്കിലും കോട്ടയത്തെ റെയിൽ വികസനം കടമ്പ കടക്കാനേറെ. പാത ഇരട്ടിപ്പിക്കൽ, വമ്പൻപാലങ്ങൾ, മേൽപ്പാലങ്ങൾ, മണ്ണെടുപ്പ്, റെയിൽവേ സ്ഥലത്തെ ക്ഷേത്രം മാറ്റൽ, സ്‌റ്റേഷൻ നവീകരണം തുടങ്ങി ഒട്ടേറെയാണ് പ്രതിസന്ധി. ഇവയിൽ ചിലതെങ്കിലും ഡിസംബർ 31നകം പൂർത്തിയാക്കാനാണ് തീരുമാനം.
അടുത്ത മാസം മുതൽ ശബരിമല തീർഥാടകർക്കും കോട്ടയം ആതിഥ്യമേകണം. സ്‌റ്റേഷനിലെ പണികൾ തീരാത്തതിനാൽ തീർഥാടനകാലം എങ്ങനെയാകുമെന്ന ആശങ്കയുണ്ട്. ഇതിനിടെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയും പാസഞ്ചറിൽ എക്‌സ്‌പ്രസ് നിരക്ക് ഈടാക്കിയും യാത്രക്കാരെ പിഴിയുന്നുമുണ്ട്. ദിവസേന 33 ട്രെയിനുകൾ കോട്ടയം വഴി കടന്നുപോകുന്നു. ഇടവിട്ട ദിവസങ്ങളിൽ 37 വണ്ടികളും വരുന്നു. ഒറ്റവരി പാളം മാത്രമായതിനാൽ കോട്ടയം റൂട്ടിൽ ട്രെയിനുകൾക്ക് സമയക്ലിപ്‌ത കൈവരിക്കാനാകുന്നില്ല.
റെയിൽ വികസനം; നിർമാണത്തിന് വേഗം കൂട്ടാൻ എംപി
ഏറ്റുമാനൂർ മുതൽ ചിങ്ങവനംവരെയുള്ള 17 കിലോമീറ്റർ റെയിൽവേ ലൈനിന്റെ പാത ഇരട്ടിപ്പുജോലികൾ ഡിസംബർ 31നകം പൂർത്തിയാക്കാനാണ് തോമസ് ചാഴികാടൻ എംപിയുടെ നിർദേശം. മേൽപാലങ്ങളുടെ നിർമാണം, ഭൂമി ഏറ്റെടുക്കൽ നടപടികൾ എന്നിവ പൂർത്തീകരിക്കാനും എംപിയുടെ ശ്രദ്ധയുണ്ട്.
കാരിത്താസ്, മുളന്തുരുത്തി മേൽപാലങ്ങളുടെ സമീപന പാതയുടെ നിർമാണത്തിന് പുതുക്കിയ ഭരണാനുമതിക്കു വേണ്ടിയുള്ള നിർദേശം സർക്കാരിൽ സമർപ്പിച്ചു.
പൂവന്തുരുത്ത് മേൽപാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ തുടങ്ങി. ഈ പാലവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഭാഗത്തെ ഭൂമി ഏറ്റെടുക്കൽ, നാഗമ്പടം സ്റ്റേഡിയത്തിനു സമീപമുള്ള അങ്കണവാടി കെട്ടിടം ഒഴിപ്പിച്ച് റെയിൽവേയെ ഏൽപിക്കുന്ന നടപടികൾ, കോട്ടയം മുട്ടമ്പലം പി ആൻഡ് ടി ക്വാർട്ടേഴ്സ് മേൽപാലം, മുട്ടമ്പലം അടിപ്പാത എന്നിവയുടെ കാര്യത്തിലും എംപി കലക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.
പാസഞ്ചറിന് എക്‌സ്‌പ്രസ് നിരക്ക്
കോട്ടയം–നാഗർകോവിൽ, കോട്ടയം–-നിലമ്പൂർ പാസഞ്ചർ വണ്ടികളാണ് എക്‌സ്‌പ്രസ് ആയത്. പാസഞ്ചറിൽ നിലമ്പൂർ വരെ മുമ്പ് 50 രൂപയായിരുന്നെങ്കിൽ ഇപ്പോൾ നിരക്ക് 105 ആയി. വരുമാന വർധന ലക്ഷ്യമിട്ട് 2020 ഒക്ടോബറിൽ രാജ്യത്തെ 358 പാസഞ്ചർ ട്രെയിനുകളെ എക്സ്പ്രസാക്കി മാറ്റിയപ്പോഴാണ് നിലമ്പൂർ -–-കോട്ടയം പാസഞ്ചർ ഉൾപ്പെടെ കേരളത്തിലെ പത്ത് പാസഞ്ചറുകൾ എക്സ്പ്രസായി മാറിയത്.
ഇതിനു പിന്നാലെയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും കുത്തനെ കൂട്ടിയത്. പത്ത് രൂപയായിരുന്നത് ഒറ്റയടിക്ക് 50 ആക്കി. സ്‌റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാനെന്നാണ് റെയിൽവേ നിലപാട്.
ഇരട്ടപ്പാത: അവശേഷിക്കുന്നത് 17 കി.മീറ്റർ
സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയിലാണ് റെയിൽവേ പാത ഇരട്ടിപ്പിക്കലിന് സ്ഥലമെടുപ്പ് വേഗത്തിലായത്. ചെങ്ങന്നൂർ–-മുളന്തുരുത്തി പാതയിൽ അവശേഷിക്കുന്ന ചിങ്ങവനം–- കോട്ടയം (ഏഴ് കി.മീ), കോട്ടയം–-ഏറ്റുമാനൂർ (10 കി.മീ) റീച്ചിലാണ് രണ്ടുവരി പാത നിർമാണം അവശേഷിക്കുന്നത്.
ഇതിനു മുന്നോടിയായി വലിയ പാലങ്ങൾ, മേൽപ്പാലം (ആർഒബി), മണ്ണുനീക്കൽ തുടങ്ങിയ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. നീലിമംഗലം, എസ്‌എച്ച് മൗണ്ട് എന്നിവിടങ്ങളിൽ വലിയ പാലം നിർമിക്കാനുണ്ട്. കോട്ടയം–-ചിങ്ങവനം റീച്ചിൽ കൊടൂരാർ, മൂലേടം, ചാന്നാനിക്കാട് എന്നിവിടങ്ങളിലാണ് പാലങ്ങൾ നിർമിക്കേണ്ടത്.
പ്ലാന്റേഷൻ, റബർബോർഡ് ഭാഗങ്ങളിൽ തുരങ്കപാത ഒഴിവാകും. റബർബോർഡ് പാലം കഴിഞ്ഞ ദിവസം തുറന്നു. ഇവിടെ മണ്ണെടുപ്പ് പൂർത്തിയാക്കി മേൽപാലം മാത്രമായി ക്രമീകരിക്കാനുണ്ടെങ്കിലും സമീപത്തെ കാളിയമ്മൻ ക്ഷേത്രം മാറ്റാൻ കഴിഞ്ഞിട്ടില്ല. മുട്ടമ്പലത്ത് നിലവിലെ ലെവൽക്രോസിനു പകരം വാഹനം കടത്തിവിടാൻ അടിപ്പാത നിർമിക്കും. പ്ലാന്റേഷൻ പാലത്തിന് താഴെ മണ്ണെടുപ്പ് തുടങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..