തിരുവനന്തപുരം
രാജ്യത്തെ ഏറ്റവും വലിയ ആന പുനരധിവാസകേന്ദ്രം കോട്ടൂരിൽ തുറന്നു. ഇനി ആനകളെ ചങ്ങലക്കെട്ടില്ലാതെ കാണാം. അതും വനത്തിന്റെ പശ്ചാത്തലത്തിൽ. ആനയൂട്ട്, ആനയെ കുളിപ്പിക്കുന്നത്, ആന മ്യൂസിയം എന്നിവയും കാണാം. കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രം അടിമുടി മാറിക്കഴിഞ്ഞു. വിനോദസഞ്ചാരികൾക്ക് രാത്രി താമസിക്കാനുള്ള സൗകര്യം ഒരുങ്ങി. 82 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടന്നു. കിഫ്‌ബിയിൽനിന്ന് 105 കോടിയാണ് ആന പുനരധിവാസകേന്ദ്രത്തിന് അനുവദിച്ചത്. വനംവകുപ്പിന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. വിനോദസഞ്ചാരികൾക്ക് ശനിമുതൽ പ്രവേശനം അനുവദിക്കും. വർഷം 50,000 വിദേശസഞ്ചാരികളെയും മൂന്നുലക്ഷം ആഭ്യന്തരസഞ്ചാരികളെയുമാണ് ലക്ഷ്യമിടുന്നത്.
ആന പുനരധിവാസകേന്ദ്രം വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി. 176 ഹെക്ടർ വനഭൂമിയിലെ വിപുലവും വിശാലവുമായതാണ് ആന പുനരധിവാസകേന്ദ്രം. 50 ആനയെ പുനരധിവസിപ്പിക്കാം. നിലവിൽ 15 ആനയാണുള്ളത്. അതിൽ ഏഷ്യയിലെ ഏറ്റവും പ്രായമുള്ള സോമനുമുണ്ട്. കുറഞ്ഞ പ്രായം ആമിനയ്‌ക്കാണ്. മൂന്നരവയസ്സ്. 300 ഏക്കർ വനഭൂമി ആനകളുടെ സ്വതന്ത്ര ആവാസവ്യവസ്ഥയ്‌ക്കായി ഒരുക്കിയിട്ടുണ്ട്.
വെറ്ററിനറി, ഫോറസ്റ്റ് കോളേജുകളിലെ വിദ്യാർഥികൾക്ക് ആനകളെ സംബന്ധിച്ച വിശദ പഠനത്തിനുള്ള ഇന്റേൺഷിപ്പിന് സൗകര്യമുണ്ടാകും. കേന്ദ്രത്തിലെ ആനകൾക്കു പുറമെ നാട്ടാനകൾക്കും ചികിത്സ നൽകാൻ പ്രത്യേക ആന ചികിത്സാകേന്ദ്രം, കഫ്‌റ്റീരിയ, വിപുലമായ പാർക്കിങ് സംവിധാനം, ടോയ്‌ലെറ്റ് സമുച്ചയം, ഒരു ലക്ഷം ലിറ്റർ ശുദ്ധീകരിച്ച ജലവും ശുദ്ധീകരിക്കാത്ത ജലവും സംഭരിക്കാൻ സംഭരണി, വൈദ്യുതി ഉറപ്പാക്കാൻ രണ്ടു സബ് സ്റ്റേഷൻ, കാട്ടാനകൾ കയറാതിരിക്കാൻ കേന്ദ്രത്തിനു ചുറ്റും മൂന്നേമുക്കാൽ മീറ്റർ ഉയരത്തിൽ ഉരുക്കുവേലി എന്നിവ ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..