17 November Sunday

കോവളത്തിന്റെ ടൂറിസം പ്രൗഢി തിരിച്ചെത്തിക്കാൻ സമഗ്രപദ്ധതി നടപ്പാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തിരുവനന്തപുരം> രാജ്യാന്തര ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കോവളത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വൻപദ്ധതി തയ്യാറാക്കുന്നു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. കലക്‌ടർ നവജ്യോത് ഖോസയെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിശ്ചയിച്ചു.

കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണം, കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക. ബീച്ചും പരിസരവും കൂടുതൽ സൗന്ദര്യവൽക്കരിക്കും. സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ‌ ഒരുക്കും. വിശദമായ പദ്ധതി രേഖ കിഫ്ബി നേതൃത്വത്തിൽ ജൂലൈയിൽ തയ്യാറാക്കും. വികസനത്തിന്‌ ആവശ്യമായ കൂടുതൽ സ്ഥലം കണ്ടെത്താൻ കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തും. ഇതിനായി കലക്ടറെ ചുമതലപ്പെടുത്തി.

അടിമലത്തുറ ബീച്ചിന്റെ വികസനവും ഒപ്പം നടത്തും. ഇവിടെ ഉത്തരവാദിത്വ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള സാധ്യതയും പരിശോധിക്കും.   അന്താരാഷ്‌ട്ര വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലുള്ള നിലവാരം ഉയർത്താനാകുന്ന തരത്തിലായിരിക്കണം പദ്ധതി തയ്യാറാക്കേണ്ടതെന്ന്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ യോഗത്തിൽ പറഞ്ഞു. പദ്ധതി രൂപീകരിക്കുമ്പോൾ സംസ്ഥാനത്തിന്റെ പൈതൃകം ഉൾക്കൊള്ളണമെന്നും മന്ത്രി നിർദേശിച്ചു. കിഫ്‌ബി സിഇഒ ഡോ. കെ എം എബ്രഹാം, കിഫ്‌ബി അഡീഷണൽ സിഇഒ സത്യജിത് രാജൻ, മിർ മുഹമ്മദലി, കലക്ടർ നവജ്യോത് ഖോസ, സബ് കലക്‌ടർ എം എസ് മാധവിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top