കോഴിക്കോട്
ഷാബാ ഷെരീഫ് കൊലക്കേസിൽ വിചാരണനേരിട്ട് കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന തടവുകാർ ജയിൽ ജീവനക്കാരെ ആക്രമിച്ചു. തടവുകാരായ മുഹമ്മദ് അജ്മൽ (30), ഷഫീഖ് (32) എന്നിവരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ നാല് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു.
ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ പ്രതീഷ്, ജർമിയാസ്, അസി.പ്രിസൺ ഓഫീസർമാരായ ദിലേഷ്, സനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായർ രാവിലെ ജില്ലാ ജയിലിന്റെ പുതിയ ബ്ലോക്കിലാണ് സംഭവം. ന്യൂ ബ്ലോക്കിൽ നിന്ന് അജ്മലിനെയും ഷഫീഖിനെയും ജയിലധികൃതർ കഴിഞ്ഞ ദിവസം താഴെയുള്ള സെല്ലിലേക്ക് മാറ്റിയിരുന്നു. ഇതിന് കാരണം റിമാൻഡിലുള്ള മറ്റൊരു തടവുകാരനാണെന്ന് ആരോപിച്ച്, ഇയാളെ ഇരുവരും മർദിക്കാൻ ശ്രമിച്ചു.
അസി. പ്രിസൺ ഓഫീസർ സനീഷ് പിടിച്ചുമാറ്റാൻ ശ്രമിച്ചപ്പോൾ അജ്മലും ഷഫീഖും ചേർന്ന് അദ്ദേഹത്തെ ആക്രമിച്ചു. സനീഷിന്റെ തലയ്ക്കും തോളിനുമാണ് പരിക്ക്. തുടർന്ന് മറ്റു ജീവനക്കാരെത്തി അജ്മലിനേയും ഷഫീഖിനെയും സെല്ലുകളിലേക്ക് മാറ്റി. സംഘർഷത്തിന്റെ കാരണം അന്വേഷിക്കാനായെത്തിയപ്പോഴും ഇരുവരും ജയിൽ ജീവനക്കാർക്ക് നേരെ തിരിഞ്ഞു.
തിങ്കളാഴ്‌ച ജയിൽ സൂപ്രണ്ട് കെ വി ബൈജു വിളിച്ചുവരുത്തിയപ്പോൾ ഒരുമിച്ച് മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവർ പ്രകോപിതരായി. ഓഫീസിലെ ജനൽച്ചില്ല് പൊട്ടിച്ച് ഗ്ലാസ്‌കൊണ്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ പ്രതീഷിനെ അടിച്ചു. പിടിച്ചുമാറ്റാൻ ചെന്ന ദിലേഷിനെ കസേരകൊണ്ടും ആക്രമിച്ചു. കൂടുതൽ ജീവനക്കാരെത്തി പ്രതികൾക്ക് കൈയാമമിട്ടെങ്കിലും കൈയാമംകൊണ്ട് ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ജർമിയാസിന്റെ തലക്കടിച്ച് പരിക്കേൽപ്പിച്ചു. ഏറെ ശ്രമിച്ചാണ് അക്രമികളെ കീഴടക്കിയത്. രണ്ടരവർഷത്തോളമായി ഇരുവരും ജില്ലാ ജയിലിൽ വിചാരണത്തടവുകാരാണ്. സംഭവത്തെ തുടർന്ന് ഷഫീഖിനെ തവനൂർ ജയിലിലേക്ക് മാറ്റി. അസി.പ്രിസൺ ഓഫീസർ സനീഷിന്റെ പരാതിയിൽ കസബ പൊലിസ് അന്വേഷണം ആരംഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..