15 November Friday

കെപിസിസി ക്യാമ്പ്‌ എക്‌സിക്യൂട്ടീവ്‌ ; മുല്ലപ്പള്ളിയും സുധീരനും എത്തിയില്ല; ബഹിഷ്‌കരിച്ച്‌ കെ മുരളീധരൻ

സ്വന്തം ലേഖകൻUpdated: Wednesday Jul 17, 2024


ബത്തേരി
വയനാട്‌ ബത്തേരിയിൽ ചേരുന്ന കെപിസിസി ക്യാമ്പ്‌ എക്‌സിക്യൂട്ടീവിൽനിന്ന്‌ വിട്ടുനിന്ന്‌  പ്രമുഖ നേതാക്കൾ. കെ മുരളീധരൻ ക്യാമ്പ്‌ ബഹിഷ്‌കരിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ക്യാമ്പിന്‌ എത്തിയില്ല. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെയും തദ്ദേശ തെരഞ്ഞെടുപ്പിന്റെയും മുന്നൊരുക്ക ഭാഗമായാണ്‌ ക്യാമ്പെന്നാണ്‌ നേതൃത്വത്തിന്റെ വിശദീകരണമെങ്കിലും ആദ്യദിനം കാര്യമായ ചർച്ചകളുണ്ടായില്ല.

തൃശൂരിലെ തോൽവിക്കുശേഷം നേതൃത്വവുമായി അകന്നുനിൽക്കുന്ന മുരളീധരൻ സ്വന്തം നിലയിൽ മുന്നോട്ടുപോകുകയാണ്‌. തിരുവനന്തപുരത്ത്‌ വീണ്ടും ഓഫീസ്‌ സജ്ജമാക്കി പ്രവർത്തനം തുടങ്ങിയ മുരളിയെ അനുനയിപ്പിക്കാൻ രമേശ്‌ ചെന്നിത്തല ഉൾപ്പെടെയുള്ളവർ ശ്രമിച്ചെങ്കിലും വഴങ്ങിയിട്ടില്ല.  മുരളിയെ രാഷ്‌ട്രീയ വനവാസത്തിന്‌ അയക്കില്ലെന്നും ബന്ധപ്പെട്ടിട്ടുണ്ടെന്നും ക്യാമ്പിന്‌ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ മുരളിയെ അവഗണിക്കുംവിധമായിരുന്നു പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ ഇടപെടൽ.  മുരളീധരൻ ക്യാമ്പിൽനിന്ന്‌ മാറിനിൽക്കുകയാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്‌ ക്ഷണിച്ചിരുന്നുവെന്നും ചിലപ്പോൾ വന്നേക്കാമെന്നുമുള്ള  ഒഴുക്കൻ മറുപടിയായിരുന്നു.

നേതൃത്വത്തോട്‌ വിയോജിപ്പുള്ളവർ മുരളിയുടെ നേതൃത്വത്തിൽ സംഘടിക്കുന്നത്‌ ഭയത്തോടെയാണ്‌ ഇവർ കാണുന്നത്‌. തലസ്ഥാനത്ത്‌ മുരളീധരൻ സജീവമാകുന്നതിനെ വി ഡി സതീശൻ ഭയക്കുകയാണെന്നാണ്‌ മുരളീധരപക്ഷത്തിന്റെ ആരോപണം. പുനഃസംഘടന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മുരളി നേതൃത്വത്തിനെതിരെ തിരിഞ്ഞത്‌. മുമ്പും വയനാട്ടിൽ ചേർന്ന കെപിസിസി യോഗം മുല്ലപ്പള്ളി രാമചന്ദ്രൻ ബഹിഷ്‌കരിച്ചിരുന്നു. ഇത്തവണയും എത്തിയില്ല. വി എം സുധീരൻ പങ്കെടുക്കില്ലെന്ന്‌ അറിയിച്ചിട്ടുണ്ടെന്നാണ്‌ വിശദീകരണം. കോൺഗ്രസിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളായ 123 പേർ പങ്കെടുക്കേണ്ട ക്യാമ്പിൽനിന്നാണ്‌ ഇവർ വിട്ടുനിൽക്കുന്നത്‌.

ആദ്യം അധികാരം, പ്രത്യയശാസ്‌ത്രം പിന്നീട്‌: വി ഡി സതീശൻ
തെരഞ്ഞെടുപ്പുകളിൽ വിജയമാണ്‌ പ്രധാനമെന്നും പ്രത്യയശാസ്‌ത്രം പിന്നീട്‌ മതിയെന്നും കെപിസിസി ക്യാമ്പ്‌ എക്‌സിക്യൂട്ടീവിലെ പ്രസംഗത്തിൽ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ ഉൾപ്പെടെയുള്ള വർഗീയ കക്ഷികളുമായി കൂട്ടുചേർന്നാണ്‌ യുഡിഎഫ്‌ മത്സരിച്ചത്‌. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ട്‌ ഐഡിയോളജി മുന്നോട്ടുകൊണ്ടുപോകാൻ പറ്റില്ലെന്നും സതീശൻ പറഞ്ഞു. പാർടിയിൽ വ്യക്തിതാൽപ്പര്യങ്ങൾ ഒഴിവാക്കാനാകില്ലെന്നും തമ്മിലടിക്കുന്നത്‌ ജനങ്ങളറിഞ്ഞാൽ തിരിച്ചടിയാകുമെന്നും ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്ത്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളിൽ ഇടിവുണ്ടായെന്ന്‌  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ വിജയം 
ഉറപ്പിക്കാനാകില്ല: ശശി തരൂർ
ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിജയം ഉറപ്പിക്കാനാകില്ലെന്ന്‌ കെപിസിസിയുടെ ക്യാമ്പ്‌ എക്‌സിക്യുട്ടീവിൽ ശശി തരൂർ എംപി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌  92 നിയമസഭ മണ്ഡലങ്ങളിൽ യുഡിഎഫിന്റെ വോട്ട്‌  കുറഞ്ഞു. ഇതിൽ 77 സീറ്റുകൾ കോൺഗ്രസ്‌ സീറ്റുകളാണ്.
18 സീറ്റ്‌ വിജയിച്ചെന്ന ആത്മവിശ്വാസത്തിനൊപ്പം കോൺഗ്രസിനും യുഡിഎഫിനുമേറ്റ തിരിച്ചടി ഉൾക്കൊള്ളണം. സ്ഥാനാർഥി നിർണയത്തിൽ സ്‌ത്രീ പ്രാതിനിധ്യവും കുറഞ്ഞു. ജാഗ്രതയില്ലാതെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിട്ടാൽ പരാജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top