21 December Saturday
കെപിസിസി യോഗത്തിലെ വിമർശത്തിൽ 
 ക്ഷുഭിതനായി സതീശൻ ; മിഷൻ 25 യോഗം ബഹിഷ്കരിച്ചു

സതീശൻ അധികാരത്തിൽ കെെയിടേണ്ട ; തുറന്നടിച്ച്‌ സുധാകരൻ

പ്രത്യേക ലേഖകൻUpdated: Saturday Jul 27, 2024


തിരുവനന്തപുരം
കെപിസിസി അധ്യക്ഷനെ മൂലയ്ക്കിരുത്തി കാര്യങ്ങൾ വരുതിയിലാക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ ശക്തമായി പ്രതികരിച്ച്‌  കെ സുധാകരനും കൂട്ടരും. ‘ അധികാരത്തിൽ കൈകടത്തിയാൽ നിയന്ത്രിക്കാൻ അറിയാ ’ മെന്ന്‌ മുന്നറിയിപ്പുനൽകിയ സുധാകരൻ കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ നേതാക്കൾ ആഞ്ഞടിച്ച കാര്യവും സ്ഥിരീകരിച്ചു. വിമർശനം വാർത്തയായതോടെ തിരുവനന്തപുരത്ത്‌ വെള്ളിയാഴ്‌ച ചേർന്ന മിഷൻ 25 യോഗം വി ഡി സതീശൻ ബഹിഷ്കരിച്ചു. ഹൈക്കമാൻഡ്‌ തീരുമാനം പറയാതെ ഇനിയുള്ള മിഷൻ 25 യോഗങ്ങളിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ്‌. വിഷയത്തിൽ എഐസിസി ഇടപെട്ടേക്കും. സുധാകരനെ നീക്കണമെന്ന വാദത്തിന്‌ ശക്തി കൂട്ടിയിരിക്കുകയാണ്‌ സതീശനും കൂട്ടരും.

വയനാട് തീരുമാനങ്ങളെ  ചൊല്ലിയാണ്‌ രൂക്ഷമായ തർക്കം. തദ്ദേശ തെരഞ്ഞെടുപ്പ്‌ ചുമതല വി ഡി സതീശന്‌ നൽകിയിരുന്നു. അവസരം ഉപയോഗിച്ച്‌ ഡിസിസികളെ നേരിട്ട്‌ നിയന്ത്രിക്കാൻ സതീശൻ ശ്രമിച്ചതും സ്വന്തം നിലയിൽ  സർക്കുലർ ഇറക്കിയതുമാണ്‌  സുധാകരനൊപ്പമുള്ളവരെ  ചൊടിപ്പിച്ചത്‌.  ജില്ലാചുമതല നൽകിയ ചില നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറിമാരേക്കാൾ മുകളിലാണെന്ന വിധം ഇടപെട്ടതും പ്രശ്നമായി. ഇതോടെയാണ്‌ സുധാകരനൊപ്പമുള്ള ജയന്ത്‌, എം ലിജു, ടി യു രാധാകൃഷ്ണൻ,  നസീർ എന്നിവർ യോഗം വിളിച്ചത്‌. സുധാകരൻ ഡൽഹിയിൽ നിന്ന്‌ ഓൺലൈനായി പങ്കെടുത്തു.  ‘സൂപ്പർ പ്രസിഡൻ്റ് ’ ചമയുന്നു, വയനാട്‌ തീരുമാനങ്ങളുടെ വാർത്ത ചോർത്തി തുടങ്ങി യോഗത്തിൽ പങ്കെടുത്ത 20 ലധികം ഭാരവാഹികളും പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു.

സതീശൻ നൽകിയ വാട്‌സാപ്പ്‌ സന്ദേശത്തിനു പിന്നാലെ കെപിസിസി വിശദമായ മാർഗരേഖ ഡിസിസികൾക്ക്‌ അയച്ചതും പാർട്ടിയിലെ ഏറ്റുമുട്ടലിന്റെ ഭാഗമാണ്‌.

വിമർശത്തിൽ 
അരിശം, ഡിസിസി 
യോഗം ബഹിഷ്‌കരിച്ച്‌ സതീശൻ
തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തർക്കത്തെ തുടർന്ന്‌ ഡിസിസി യോഗം പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ബഹിഷ്‌കരിച്ചതിൽ കോൺഗ്രസിൽ അമർഷം.  സതീശന്റെ നടപടി പരിശോധിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞതോടെ വിഷയം കൂടുതൽ വഷളായി.

പ്രതിപക്ഷ നേതാവിന്റേത് സമാന്തര രാഷ്ട്രീയ പ്രവർത്തനമാണെന്ന്‌ കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി അടിയന്തര ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നിരുന്നു.  ജനറൽ സെക്രട്ടറിമാരായ എം എം നസീറും പഴകുളം മധുവുമാണ്‌ സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്‌. ജില്ലാ ചുമതലയുള്ള നേതാക്കളെ അറിയിക്കാതെ തീരുമാനങ്ങളെടുക്കുന്നു. പ്രതിപക്ഷ നേതാവിന്റെ പേഴ്സണൽ സ്റ്റാഫംഗം അഡ്മിനായി വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. ഇതാണ്‌ സതീശനെ ചൊടിപ്പിച്ചത്‌. വയനാട് ചിന്തൻശിബിരിലെ തീരുമാനങ്ങൾ യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ സതീശനെയാണ്‌ നിശ്ചയിച്ചിരുന്നത്‌. ഹൈക്കമാൻഡ്‌ തീരുമാനമെടുക്കും  വരെ യോഗങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ്‌ സതീശൻ. കെപിസിസി യോഗത്തിൽ വിമർശനം ഉണ്ടായത് വാർത്തയാകേണ്ട കാര്യം എന്താണെന്ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ വി ഡി സതീശൻ പ്രതികരിച്ചു. യോഗത്തിന് അകത്ത് പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞത് ആരാണെന്ന് നേതൃത്വത്തിൽ ഇരിക്കുന്നവർ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top