22 December Sunday

കാരണം പൂരമല്ല: തൃശൂർ തോൽവിയിൽ കെപിസിസി

ദിനേശ്‌ വർമUpdated: Tuesday Sep 24, 2024

തിരുവനന്തപുരം > ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ മുരളീധരന്റെ തോൽവിക്ക്‌ കാരണം തൃശൂർ പൂരം തടസപ്പെട്ടതല്ലെന്ന്‌ വ്യക്തമാക്കി കെപിസിസി ഉപസമിതി റിപ്പോർട്ട്‌. പൂരം തടസപ്പെട്ടത്‌ ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപിക്ക്‌ പ്രയോജനം ചെയ്തിട്ടുണ്ടെന്ന്‌ സമ്മതിക്കുന്നുവെങ്കിലും തോൽവിയുടെ മുഖ്യകാരണം അതല്ലെന്നാണ്‌ ഉപസമിതിയുടെ കണ്ടെത്തൽ. ചില പരാമർശങ്ങളല്ലാതെ പൂരം സംബന്ധിച്ച ഭാഗങ്ങളോ ഗൗരവമായ വിലയിരുത്തലുകളോ റിപ്പോർട്ടിൽ ഇല്ലെന്നാണറിയുന്നത്‌.

തോൽവിക്ക്‌ മൂന്ന്‌ കാരണം അക്കമിട്ട്‌ നിരത്തുന്നുണ്ടെന്നാണ്‌ ബന്ധപ്പെട്ട നേതാക്കൾ സൂചിപ്പിക്കുന്നത്‌. ടി എൻ പ്രതാപനെ മാറ്റി പെട്ടെന്നൊരു സ്ഥാനാർഥിയെ ഇറക്കിയത്‌ വിനയായി. താരപദവിയും ഏറെക്കാലമായി തൃശൂരിൽ തങ്ങി പ്രവർത്തിച്ചതും മുൻപ്‌ രണ്ടുതവണ തോറ്റയാളെന്ന സഹതാപവും സുരേഷ്‌ഗോപിക്ക്‌ വ്യക്തിവിജയം സമ്മാനിച്ചു, അത്‌ ബിജെപിയുടെ നേട്ടമല്ല. സംഘടനാപരമായി കോൺഗ്രസിന്‌ വലിയ വീഴ്‌ച പറ്റി. ബൂത്തുകളിലിരിക്കാൻ പോലും ആളുണ്ടായില്ലെന്ന പരാതിക്ക്‌ അടിസ്ഥാനമുണ്ട്‌. പ്രതാപനും ജില്ലാ നേതൃത്വത്തിനുമുണ്ടായ വീഴ്ച ചെറുതല്ല.

പരാജയ കാരണം അന്വേഷിക്കണമെന്ന്‌ മുരളീധരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ്‌ രാഷ്ട്രീയകാര്യ സമിതി അംഗം കെ സി ജോസഫ്, കെപിസിസി വർക്കിങ്‌ പ്രസിഡന്റ് ടി സിദ്ധിഖ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവരുൾപ്പെട്ട ഉപസമിതിയെ ചുമതലപ്പെടുത്തിയത്‌. റിപ്പോർട്ട്‌ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. അതേസമയം, ഇതുസംബന്ധിച്ച വാർത്തകൾ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നിഷേധിച്ചു. റിപ്പോർട്ട് കെപിസിസിയുടെ പരിഗണനയിലാണ്‌, അടുത്ത ദിവസങ്ങളിൽ തന്നെ ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂരം തടസപ്പെട്ടതാണ്‌ മുരളീധരന്റെ തോൽവിക്ക്‌ കാരണമെന്ന്‌ ദിവസേന ആവർത്തിക്കുകയും സംഘടനാപരമായ കാരണങ്ങളെ നിസാരവൽകരിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെ നിലപാടിൽ അമർഷമുള്ളവരാണ്‌ റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തുവിട്ടതെന്നും പറയുന്നു. കെപിസിസി ഭാരവാഹികളുമായി ആലോചിക്കാതെ നയപരമായ കാര്യങ്ങളടക്കം ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സതീശന്റെ നിലപാടിനെതിരെ കെ സുധാകരനടക്കം പ്രതിഷേധമുണ്ട്‌. അടുത്തിടെ, കെപിസിസിയുടെ ഓൺലൈൻ യോഗത്തിൽ ഭാരവാഹികൾ ഇക്കാര്യം പരാതിപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top