22 December Sunday

തിരുവഞ്ചൂർ റിപ്പോർട്ടും തർക്കത്തിലേക്ക്‌

ദിനേശ്‌ വർമUpdated: Thursday Aug 29, 2024

തിരുവനന്തപുരം> കോൺഗ്രസിലെ വാർത്ത ചോർത്തൽ അന്വേഷിക്കാൻ നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വന്നാൽ വി ഡി സതീശൻ –- സുധാകരൻ പോര്‌ കടുക്കും. സംഘടനാചുമതലയിലേക്ക്‌ വന്ന എം ലിജു അടക്കമുള്ളവർക്കെതിരെ നടപടി എടുക്കേണ്ടിവരുമെന്നാണ്  വി ഡി സതീശനൊപ്പമുള്ളവർ പറയുന്നത്‌. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ളവരെ ഒന്നടങ്കം പുറത്താക്കേണ്ടിവരുമെന്നാണ്‌ സുധാകര പക്ഷം ആഞ്ഞടിക്കുന്നത്‌.

തദ്ദേശ തെരഞ്ഞെടുപ്പ്‌ മുൻനിർത്തി രൂപീകരിച്ച ‘ മിഷൻ 2025 ’ൽ സതീശനെതിരെ ഉയർന്ന വിമർശനവും കെ സുധാകരൻ അടിയന്തിരമായി വിളിച്ച കെപിസിസി ഓൺലെൻ യോഗത്തിലെ ചർച്ചയും ചോർന്നതാണ്‌ വിവാദമായത്‌. ശക്തമായ നപടി വേണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ആവശ്യപ്പെട്ടതോടെയാണ്‌ അച്ചടക്ക സമിതി ചെയർമാനായ തിരുവഞ്ചൂരിനെ എഐസിസി ചുമതലപ്പെടുത്തിയത്‌.
ഇരുവിഭാഗത്തിന്റേയും പോര്‌ സ്വാഭാവികമായും റിപ്പോർട്ടിലുണ്ടാകും. ലിജുവിനെ കൂടാതെ പഴകുളം മധു, എം എം നസീർ, കെ പി ശ്രീകുമാർ എന്നിവരാണ്‌ ഒരു ഭാഗത്ത്‌ കുറ്റാരോപിതരെങ്കിൽ. മുൻമാധ്യമ പ്രവർത്തകനടക്കം പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ സംഘത്തെയാണ്‌ മറുവിഭാഗം പ്രതിക്കൂട്ടിൽ നിർത്തുന്നത്‌. പക്ഷപാതമില്ലാതെ നടപടിയെടുക്കുകയാണെങ്കിൽ സംഘടനാ ജനറൽ സെക്രട്ടറിയടക്കമുള്ളവർ ഉൾപ്പെടുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

മിഷൻ 2025ന്റെ പേരിൽ തനിക്കെതിരെ വിമർശം ഉന്നയിക്കുകയും അത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തവർ ഇരുട്ടിന്റെ സന്തതികളാണെന്ന് സതീശൻ തുറന്നടിച്ചിരുന്നു. അവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ ചുമതല ഏറ്റെടുക്കില്ലെന്നും കേന്ദ്ര നേതാക്കളെ അറിയിച്ചു. പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നുവെന്ന പരാതിയാണ്‌ കെ സുധാകരനും കൂട്ടർക്കുമുള്ളത്‌. പാർട്ടിയുടെ ഫണ്ട്‌ കൈകാര്യം ചെയ്യാൻ പ്രതിപക്ഷ നേതാവിന്റെ ഒപ്പ്‌ വേണമെന്നിടത്തേക്ക്‌ എത്തിച്ചത്‌ ചരിത്രത്തിലാദ്യമാണ്‌. കെപിസിസിയുടെ റോൾ എടുത്ത്‌ ഡിസിസികളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നു തുടങ്ങി ഗുരുതരമായ പരാതികളാണ്‌ ഇവർക്കുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top