തിരുവനന്തപുരം
‘ഒറ്റയ്ക്ക് ഒരു വനിതയും കോൺഗ്രസ് നേതാക്കളെ കാണാൻ പോകരുതെ ’ ന്നടക്കം ഗുരുതര വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടും കൃത്യമായി മറുപടി പറയാനോ പ്രതികരിക്കാനോ തയ്യാറാകാതെ കെപിസിസിയും പ്രതിപക്ഷ നേതാവും. ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ കോൺഗ്രസിലും നടക്കുന്നുവെന്ന തുറന്നുപറച്ചിലുകൾ കടുത്ത പ്രതിസന്ധിയാണ് നേതൃത്വത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ കൈപ്പിടിയിലുള്ള എറണാകുളം ഡിസിസിക്കെതിരെ കവളങ്ങാടുള്ള ദളിത് വനിതാ നേതാവ് അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് ഡിസിസി എടുത്തിട്ടുള്ളതെന്നാണ് കോൺഗ്രസിന്റെ പഞ്ചായത്തംഗമായ അവരുടെ പരാതി.
എഐസിസി അംഗമായിരുന്ന സിമി റോസ്‌ബെൽ ജോൺ നടത്തിയത് കൂടാതെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉയർന്നുവരുമെന്ന ആശങ്കയിലാണ് നേതാക്കൾ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതിയ പവർഗ്രൂപ്പിന്റെ ഉടമയായിരിക്കുന്നുവെന്നും ആ കൂട്ടത്തിൽ നിന്നാൽ ഏത് പീഡകനും രക്ഷപ്പെടാമെന്നുമാണ് വെളിപ്പെടുത്തലിന്റെ സാരം.
സിമിയുടെ ആരോപണങ്ങളെല്ലാം വസ്തുതയാണെന്ന് പത്മജ വേണുഗോപാലും സ്ഥിരീകരിച്ചു. കരുണാകരന്റെ മകളായതുകൊണ്ട് തനിക്ക് നേരെ പീഡകർ തിരിഞ്ഞിട്ടില്ലെങ്കിലും അനുഭവസ്ഥർ എല്ലാം തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി. മുൻമന്ത്രി ജോസ് തെറ്റയിലിനെ കുരുക്കാൻ 15 കോടി രൂപ കൈമാറിയിരുന്നതായി ഉമ്മൻചാണ്ടി പറഞ്ഞിരുന്നുവെന്നും അത് ഇടയ്ക്ക് നിന്ന ചില നേതാക്കൾ അടിച്ചുമാറ്റിയെന്നും കുരുക്കാൻ കൂട്ടുനിന്ന യുവതിയുടെ വെളിപ്പെടുത്തലും ഗൗരവമേറിയതാണ്. വി ഡി സതീശന്റെ പിൻകാല ചരിത്രമുൾപ്പെടെയുള്ള കാര്യങ്ങളെല്ലാം എഐസിസി അന്വേഷിക്കണമെന്ന ആവശ്യവും ഒരുവിഭാഗംമുന്നോട്ടുവയ്‌ക്കുന്നു.
സിമിക്കെതിരെ വാളെടുക്കുന്ന വനിതാനേതാക്കളിൽ പലരും നേതാക്കളെ പ്രീതിപ്പെടുത്തിയാണ് കയറിക്കൂടിയതെന്നും ആക്ഷേപമുയരുന്നു. ഷാനിമോൾ ഉസ്മാനേയും ബിന്ദു കൃഷ്ണയേയും കെപിസിസി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാതിരിക്കാൻ വാശിപിടിച്ചത് ഇപ്പോൾ ആരോപണം നേരിടുന്ന നേതാക്കളാണെന്നതും കൂടുതൽ പൊട്ടിത്തെറിക്ക് വഴിതുറക്കുകയാണ്.
കെ സുധാകരൻ പറയട്ടേ: സതീശൻ
എഐസിസി അംഗമായിരുന്ന സിമി റോസ്ബെൽ ജോണിനെ കോൺഗ്രസിൽനിന്നും പുറത്താക്കിയതിലും അവർ ഉന്നയിച്ച ആരോപണങ്ങൾക്കും മ റുപടിയില്ലാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിഷയത്തിൽ നേരത്തെ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ആവർത്തിച്ച സതീശൻ ഇപ്പോഴത്തെ വിഷയത്തിൽ വെള്ളം ചേർക്കാനാണ് നീക്കമെന്നും ആരോപിച്ചു. കൂടുതൽ കാര്യങ്ങൾ കെപിസിസി പ്രസിഡന്റ് കെ സുധാകരനോട് ചോദിക്കണമെന്നും യുഡിഎഫ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..