23 December Monday

കെഎസ്‌ഡിപിയുടെ പ്രതിസന്ധിക്ക്‌ പരിഹാരം ; സർക്കാർ ആശുപത്രികൾക്ക്‌
117.36 കോടിയുടെ മരുന്ന്‌ നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024


ആലപ്പുഴ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്ക്‌ മരുന്നുകൾ ലഭ്യമാക്കാൻ കെഎസ്‌ഡിപിക്ക്‌ 117.36 കോടിയുടെ ഓർഡർ നൽകി കേരള മെഡിക്കൽ സർവീസ്‌ കോർപറേഷൻ. ഒരു വർഷത്തേക്കുള്ള മരുന്നുകളുടെ ലെറ്റർ ഓഫ്‌ ഇൻഡന്റ്‌ ആണ്‌ നൽകിയത്‌. 30നകം ഏഴ്‌ കോടിയോളം രൂപയുടെ മരുന്ന്‌ കൈമാറുമെന്ന്‌ കമ്പനി അധികൃതർ പറഞ്ഞു. സംസ്ഥാനത്തെ ഏക  പൊതുമേഖലാ അലോപ്പതി മരുന്നു നിർമാണശാലയായ കേരള സ്‌റ്റേറ്റ്‌ ഡ്രഗ്‌സ്‌ ആൻഡ്‌ ഫാർമസ്യൂട്ടിക്കൽസ്‌ കമ്പനി നേരിട്ട ഉൽപ്പാദന പ്രതിസന്ധിക്ക്‌ ഇതോടെ പരിഹാരമായി.

കമ്പനിക്ക്‌ മരുന്നുകൾ ലഭ്യമാക്കാൻ ഓർഡർ നൽകാതിരുന്നത്‌ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 68 ഇനം മരുന്നുകളാണ്‌ കെഎസ്‌ഡിപി നിർമിച്ച്‌ കൈമാറുക. മുമ്പ്‌ 15  ഇനം മരുന്നുകൾ ലഭ്യമാക്കാൻ 15 കോടിയുടെ ഓർഡർ ലഭിച്ചിരുന്നു. ഇതടക്കം 83 ഇനം മരുന്നുകളാണ്‌ സർക്കാർ ആശുപത്രികൾക്കായി നിർമിച്ചു നൽകുന്നത്‌.  

സർക്കാർ ആശുപത്രികളിൽ മരുന്ന് സംഭരിച്ചു നൽകുന്ന ചുമതലയുള്ള കെഎംഎസ്‌സിഎൽ സാമ്പത്തികവർഷം പകുതി പിന്നിട്ടിട്ടും കെഎസ്‌ഡിപിക്ക്‌ ഓർഡർ നൽകിയിരുന്നില്ല. ഇതോടെ സ്ഥാപനം ഉൽപ്പാദന പ്രതിസന്ധിയിലേക്ക്‌ നീങ്ങി. അറുന്നൂറോളം താൽക്കാലിക ജീവനക്കാരെ ജോലിയിൽനിന്ന്‌ മാറ്റിനിർത്തേണ്ടിവന്നു. പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപ്ലോയീസ് യൂണിയൻ സമരരംഗത്തെത്തി. തുടർന്ന്‌ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. കമ്പനി ചെയർമാൻ സി ബി ചന്ദ്രബാബുവും സർക്കാരിനെ സമീപിച്ചു.  ഇതോടെയാണ്‌ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടത്‌. മന്ത്രിമാരായ പി രാജീവ്‌, കെ എൻ ബാലഗോപാൽ, വീണ ജോർജ് എന്നിവരും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, കെഎസ്‌ഡിപി ചെയർമാൻ, മാനേജിങ്‌ ഡയറക്ടർ ഇ എ സുബ്രഹ്‌മണ്യൻ എന്നിവരടക്കം പങ്കെടുത്തിരുന്നു. കേരള മെഡിക്കൽ സർവീസസ് കോർപറേഷനു പുറമെ തെലങ്കാന, ആന്ധ്ര ഉൾപ്പെടെ സംസ്ഥാനങ്ങൾക്കും ഇവിടെനിന്ന്‌ മരുന്നുകൾ കൈമാറുന്നുണ്ട്‌.

ആന്ധ്രയും തെലങ്കാനയും 30 കോടിയുടെ
ഓർഡർ നൽകി
ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലായി 30 കോടിയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്‌. 90 ഇനം മരുന്നുകളാണ്‌ കമ്പനി ഉൽപ്പാദിപ്പിക്കുന്നത്‌. കഴിഞ്ഞവർഷം 121 കോടിയുടെ ഓർഡറുകളാണ്‌ കെഎംഎസ്‌ സിഎൽ നൽകിയത്‌. ഇത്തവണ 132.36 കോടിയുടെ ഓർഡർ ലഭിച്ചു. അന്തർദേശീയ നിലവാരത്തിൽ പ്രതിവർഷം 144 കോടി ഗുളിക, 36 കോടി ക്യാപ്‌സൂൾ, 13.08 ലക്ഷം ലിറ്റർ ലായനി മരുന്ന്‌, കുത്തിവയ്‌പ്പിന്‌ ഉപയോഗിക്കുന്ന പൊടിമരുന്നുകൾ 1.2 കോടി പാക്കറ്റ്‌ എന്നിവ ഉൽപ്പാദിപ്പിക്കുന്നു. കുത്തിവയ്‌പ്പിനുള്ള ലായനി മരുന്നുകൾ നിർമിക്കുന്ന പുതിയ എൽവിപി–-എസ്‌വിപി പ്ലാന്റ്‌ കമീഷനിങ്‌ ഘട്ടത്തിലാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top