തിരുവനന്തപുരം
സമൂഹമാധ്യമങ്ങളിൽ വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റെന്ന് കെഎസ്‌ഇബി. ബില്ലിലെ എസിഡി (അഡ്വാൻസ് ക്യാഷ് ഡെപ്പോസിറ്റ്) ചാർജിലൂടെ കെഎസ്ഇബി ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നത് നുണപ്രചാരണമാണ്.
മുമ്പ് എല്ലാ മാസവും ബിൽ നൽകിയിരുന്നത്. അതിനു പകരം ഇപ്പോൾ രണ്ടുമാസം കൂടുമ്പോഴാണ് നൽകുന്നത്. ഇതുവഴി കെഎസ്ഇബിക്ക് അമിത ലാഭമുണ്ടാകുന്നുവെന്നാണ് ആരോപണം. മീറ്റർ റീഡിങ്ങിന് ചെലവഴിക്കേണ്ടിവരുന്ന തുക, സമയം എന്നിവ കണക്കാക്കിയാണ് റീഡിങ് രണ്ടുമാസത്തിലാക്കിയത്. രണ്ടുമാസത്തിലൊരിക്കലാണ് റീഡിങ് എടുക്കുന്നതെങ്കിലും ആകെ ഉപഭോഗത്തിന്റെ പകുതി കണക്കാക്കി മാസ വൈദ്യുതിബിൽ തുക കണ്ടെത്തുകയും അതിനെ 2 കൊണ്ട് ഗുണിച്ച് രണ്ട് മാസത്തെ ബില്ല് നൽകുകയാണ് ചെയ്യുന്നത്. ഇക്കാര്യം കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇലക്‌ട്രിസിറ്റി ബിൽ കാൽക്കുലേറ്ററിലൂടെ പരിശോധിക്കാമെന്ന് അധികൃതർ പറയുന്നു.
എസിഡി കണക്കാക്കുന്നത്
ബില്ലിൽ എല്ലാ വർഷത്തെയും എസിഡി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതാണ് പലപ്പോഴും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. കേരള ഇലക്‌ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ചാണ് എല്ലാ ഉപയോക്താക്കളിൽനിന്നും നിശ്ചിതതുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കുന്നത്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ പാദത്തിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ നിരക്കിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ടു മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് മൂന്നു മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപയോക്താക്കൾക്ക് രണ്ടു മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി കണക്കാക്കുന്നത്. ഇങ്ങനെ കണക്കാക്കുന്ന തുകയേക്കാൾ കുറവാണ് ഉപയോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റെങ്കിൽ കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തും. കുറവുചെയ്‌ത് നൽകുകയും ചെയ്യും. കുറവ് ചെയ്‌ത തുക ബില്ലിൽ അഡ്വാൻസ് എന്ന തലക്കെട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..