തുരുവനന്തപുരം
ഉപഭോഗം ആസൂത്രണം ചെയ്യുന്നതിലൂടെ വൈദ്യുതി ഉപയോക്താക്കൾക്ക് ബില്ലിൽ 20 ശതമാനംവരെ ലാഭിക്കാം. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള സമയത്ത് ഉപയോക്താക്കളിൽനിന്ന് തുക ഈടാക്കി ഉപയോഗം കുറവുള്ള സമയത്ത് നിരക്കിളവ് നൽകുന്ന ടൈം ഓഫ് ദ ഡേ (ടിഒഡി) താരിഫ് നടപ്പാക്കുന്നതിലൂടെയാണിത്. പകൽ എട്ട് മണിക്കൂർ നിരക്ക് കുറവായിരിക്കും.
വൈദ്യുതി വില കൂടുതലുള്ള തിരക്കേറിയ സമയങ്ങളിലെ (വൈകിട്ട് ആറ് മുതൽ 10വരെ) വൈദ്യുതി ഉപയോഗം ഒഴിവാക്കി വൈകിട്ട് ആറിന് മുമ്പോ രാത്രി പത്തിന് ശേഷമോ ഉള്ള ഉപയോഗത്തിലേക്ക് ഉപയോക്താക്കളെ മാറ്റുകയാണ് ടിഒഡി രീതി.
ടിഒഡി മീറ്ററുള്ള 65 ശതമാനത്തോളം ഉപയോക്താക്കൾക്ക് പുതിയ നിരക്ക് ജനുവരി മുതൽ പ്രാബല്യത്തിൽ വരും. ബാക്കിയുള്ളവർക്ക് മീറ്റർ സ്ഥാപിക്കാൻ ഏപ്രിൽവരെ സമയം നൽകിയിട്ടുണ്ട്. മാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന 7.87 ലക്ഷം ഗാർഹിക ഉപയോക്താക്കൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും. ഊർജ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുകയും വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
രാത്രിയിലെ വൈദ്യുതി ആവശ്യം 5800 മെഗാവാട്ടിൽ എത്തി. കഴിഞ്ഞ വർഷംമാത്രം വൈദ്യുതി ഉപയോഗത്തിൽ 13 ശതമാനം വർധനയുണ്ടായി. ടിഒഡി താരിഫ് സമ്പ്രദായം നടപ്പാക്കുന്നതിലൂടെ, വിലകൂടിയ വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാനുമാണ് കെഎസ്‌ഇബി ലക്ഷ്യമിടുന്നത്.
500 മെഗാവാട്ടിന്റെ
ദീർഘകാല കരാറിന് അനുമതി
സംസ്ഥാനത്ത് 500 മെഗാവാട്ടിന്റെ ദീർഘകാല കരാറിനുള്ള കെഎസ്ഇബി അപേക്ഷയ്ക്ക് റെഗുലേറ്ററി കമീഷൻ അംഗീകാരം. 15 വർഷത്തേക്കുള്ള കരാറിലാണ് ഏർപ്പെടുക. കമീഷൻ അനുമതി ലഭിച്ചതോടെ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള ഡിബിഎഫ്ഒഒ (ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓൺ, ഓപ്പറേറ്റ്) മാതൃകയിൽ ടെൻഡർ നടപടികളിലേക്ക് ഉടൻ കെഎസ്ഇബി കടക്കും. ടെൻഡർ രേഖ തയ്യാറാക്കാനും കരാറുകാരുമായുള്ള ചർച്ചകൾക്കുമായി പവർ ഫിനാൻസ് കോർപറേഷനെ (പിഎഫ്സി) ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രസരണനഷ്ടം വഹിക്കുന്നതുൾപ്പെടെ, ടെൻഡർ രേഖകളിൽ മാറ്റംവരുത്തുന്നതിന് കെഎസ്ഇബി റെഗുലേറ്ററി കമീഷനെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് തെളിവെടുപ്പ് നടത്തിയാണ് ബുധനാഴ്ച കമീഷൻ ഉത്തരവ് ഇറക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..