25 October Friday

ഇനി ദൂരയാത്രകൾ "ചാർജ്‌ ' ആവും; ഇ വി ചാർജിങ്‌ സ്റ്റേഷനുകളിൽ കൂടുതൽ സൗകര്യം

സ്വാതി സുരേഷ്‌Updated: Friday Oct 25, 2024

തിരുവനന്തപുരം> ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ സ്‌റ്റേഷനുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ കെഎസ്‌ഇബി. ദൂരയാത്രകളിൽ ഇലക്‌ട്രിക്‌വാഹനങ്ങളെ  ആശ്രയിക്കാൻ മടിക്കുന്നവരാണ്‌ കൂടുതലും. മണിക്കൂറുകളോളം ചാർജ്‌ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ വെല്ലുവിളി നിറഞ്ഞതാണ്‌. ഇതിന്‌ പരിഹാരമായി ചാർജിങ്‌ സ്റ്റേഷനുകളോട്‌ ചേർന്ന്‌ വിശ്രമത്തിന്‌ അവസരമൊരുക്കാനുള്ള ആലോചനയിലാണ്‌ കെഎസ്‌ഇബി. ശുചിമുറി, വിശ്രമമുറി,  കഫറ്റേരിയ,എന്നിവയുൾപ്പടെ സ്റ്റേഷനുകളോട്‌ ചേർന്ന്‌ നിർമിക്കും.  വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിലെ കുതിച്ചുചാട്ടവും സംസ്ഥാനത്തെ  കാർബൺ ന്യൂട്രൽ ആക്കി  മാറ്റാനുള്ള ശ്രമത്തിന്റേയും ഭാഗമായാണിത്‌.

സംസ്ഥാനത്ത്‌ നിലവിൽ 63 ഡിസി ഫാസ്റ്റ്‌ ചാർജിങ്‌ സ്റ്റേഷനുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്‌. ഇതിൽ 18 എണ്ണം പ്രവർത്തന രഹിതമാണ്.  പൈലറ്റ്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട്‌ – 10, ഐഎസ്‌ആർഒ– 4 ,കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ– 15  പോൾ ഘടിപ്പിച്ച ചാർജിങ്‌ സ്റ്റേഷനുകൾ (വൈദ്യുതി പോസ്റ്റിൽ)സ്ഥാപിച്ചു. പൈലറ്റിന്‌ ശേഷം സംസ്ഥാന വ്യാപകമായി 1140 സ്റ്റേഷനുകൾ സ്ഥാപിച്ചു.നിലവിൽ 1169 പോൾ മൗണ്ടഡ്‌ ചാർജിങ്‌ സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്‌. ഇരുചക്ര, മുചക്ര വാഹനങ്ങളാണ്‌ ഈ ചാർജിങ്‌ സ്റ്റേഷനുകളെ ആശ്രയിക്കുന്നത്‌.  

ഇവയിൽ  ഉപകാരപ്രദമല്ലാത്ത തരത്തിൽ സ്ഥാപിച്ചിട്ടുള്ളവ  മാറ്റിസ്ഥാപിക്കാനും പ്രവർത്തിക്കാത്തതിന്റെ കേടുപാടുകൾ പരിഹരിക്കാനും നടപടികൾ സ്വീകരിച്ചു. കെഎസ്‌ഇബിയുടെ ചാർജിങ്‌ സ്റ്റേഷനുകൾക്ക്‌ പുറമേ 485 സ്വകാര്യ സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്‌. 2030ഓടെ 15 ദശലക്ഷം വൈദ്യുതി വാഹനങ്ങൾ കേരളത്തിലെ  നിരത്തിലിറങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഒരു ഇവി പ്രതിവർഷം 12,000കിലോ മീറ്റർ ഓടുമെന്നാണ്‌  കരുതുന്നത്‌. ഒരു കിലോമീറ്റർ യാത്രയ്ക്ക്‌ ശരാശരി 0.15 കിലോ വാട്ട്‌ ആവശ്യമായി വരും.അതനുസരിച്ച്‌ 27,000 ദശലക്ഷം യൂണിറ്റ്‌ ഇവി ചാർജിങിന്‌ മാത്രമായി ആവശ്യമാണ്‌. 2022–23 സാമ്പത്തിക വർഷത്തിൽ വാർഷിക ഊർജ ഉപഭോഗം 25,384 ദശലക്ഷം യൂണിറ്റ്‌ മാത്രമായിരുന്നു. 22–-23 സാമ്പത്തിക വർഷത്തെ മൊത്തം പവറിന്റെ നൂറ്‌ ശതമാനത്തിലധികം 2030 ഓടെ ഇവി ചാർജ്‌ ചെയ്യുന്നതിന്‌ മാത്രം ആവശ്യമായി വരുമെന്നാണ്‌ കണക്കാക്കുന്നത്‌.

കേരളത്തിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ഇ വി
 
വിഭാഗം                                                      എണ്ണം
ഇരുചക്രം                                                  1,38,014
മുചക്രം                                                        11,468
നാല്‌ ചക്രം                                                   21,795
മറ്റുള്ളവ                                                        429


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top