തിരുവനന്തപുരം
സംസ്ഥാന സർക്കാർ തന്നെ പണം മുടക്കി മൂന്നുലക്ഷം സ്‌മാർട്ട് വൈദ്യുതി മീറ്റർ സ്ഥാപിക്കാൻ ടെൻഡർ നടപടി തുടങ്ങി. സ്‌മാർട്ട് മീറ്റർ സ്ഥാപിക്കലും മീറ്റർ റീഡിങ്ങും തുക ശേഖരിക്കലും ഉൾപ്പെടെ സ്വകാര്യ കമ്പനികൾക്ക് കൈമാറുന്ന കേന്ദ്ര സർക്കാരിന്റെ ടോട്ടക്‌സ് (ടോട്ടൽ എക്സ്‌പെൻഡിച്ചർ) രീതിക്കുപകരമാണ് സർക്കാർ നേരിട്ട് പണം മുടക്കുന്ന കാപെക്‌സ് (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) കേരളം നടപ്പാക്കുന്നത്.
സ്‌മാർട്ട് മീറ്ററുകൾക്കും പദ്ധതിക്ക് ആവശ്യമായ ഇന്റർനെറ്റ്, ഐടി, മറ്റ് അടിസ്ഥാന സേവനങ്ങൾ ലഭ്യമാക്കാനും പ്രത്യേകം ടെൻഡർ വിളിക്കും. 277 കോടിയോളം ചെലവു വരുന്ന പദ്ധതി കെഎസ്‌ഇബി ഫണ്ട് ഉപയോഗിച്ചാണ് യാഥാർഥ്യമാക്കുക. സിസ്‌റ്റം മീറ്റർ, ഡിസ്ട്രിബ്യൂഷൻ ട്രാൻസ്‌ഫോമർ മീറ്റർ, സർക്കാർ– -എച്ച്ടി ഉപഭോക്താക്കളുടെ മീറ്റർ എന്നിവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. ടോട്ടക്‌സ് രീതിയിൽ സ്‌മാർട്ട് മീറ്റർ പദ്ധതിക്ക് കെഎസ്ഇബി ടെൻഡർ വിളിച്ചിരുന്നു. ഇത് നടപ്പാക്കിയാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞത് പ്രതിമാസം 80 രൂപയോളം അധികഭാരം വരുന്നതിനാൽ ടെൻഡർ റദ്ദാക്കി ബദൽ മാതൃക തയ്യാറാക്കുകയായിരുന്നു. 2023 നവംബർ ആറിന് നടന്ന വൈദ്യുതിയുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തിൽ ബദൽ മാതൃകയുമായി കെഎസ്‌ഇബിക്ക് മുന്നോട്ടുപോകാമെന്ന് കേന്ദ്ര ഊർജ വകുപ്പ് സെക്രട്ടറി അറിയിച്ചിരുന്നതാണ്. എന്നാൽ സർക്കാരിന് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ല.
കരാർ കമ്പനി മുഴുവൻ തുകയും ചെലവഴിച്ച് മീറ്റർ സ്ഥാപിച്ച് പരിപാലിക്കുകയും ചെലവ് തുക ഗഡുക്കളായി തിരിച്ച് പിടിക്കുകയും ചെയ്യുന്നതാണ് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച ടോട്ടക്‌സ് രീതി. മീറ്ററിന്റെ വില, ഹെഡ് എൻഡ് സിസ്‌റ്റം, മീറ്റർ ഡാറ്റാ മാനേജ്മെന്റ്, കമ്യൂണിക്കേഷൻ സിസ്‌റ്റം, ക്ലൗഡ് സ്റ്റോറേജ് ചാർജ്, മറ്റ് സോഫ്‌റ്റ്‌വെയർ ടെസ്‌റ്റിങ്ങിനും സൈബർ സെക്യൂരിറ്റിക്കുമുള്ള ചാർജ്, 93 മാസത്തേക്കുള്ള ഓപറേഷൻ ആൻഡ് മെയിന്റനൻസ് ചാർജ് ഉൾപ്പെടെയുള്ള ചെലവുകൾ ഗഡുക്കളായി ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. ഇതിനെതിരെ 2022 ഡിസംബറിൽ കേരളം നിലപാട് കേന്ദ്രത്തെ അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകാത്തതിനെ തുടർന്നാണ് പദ്ധതി വൈകിയത്.
സ്മാർട്ട് മീറ്റർ പദ്ധതി
നടപ്പാക്കുമ്പോൾ
●ബില്ലിങ്, അനുബന്ധ സേവനം എന്നിവയ്‌ക്കുള്ള സോഫ്‌റ്റ്‌വെയർ കെഎസ്ഇബി തയ്യാറാക്കും.
●കഴിയുന്നത്രയും കെ ഫോൺ സംവിധാനം ഉപയോഗപ്പെടുത്തും
●വിവരങ്ങൾ പൂർണമായും കെഎസ്ഇബി ഡാറ്റാ സെന്ററിൽ സൂക്ഷിക്കും
●പഴയത് മാറ്റി സ്‌മാർട്ട് മീറ്റർ സ്ഥാപിക്കൽ കെഎസ്ഇബി ജീവനക്കാർ നിർവഹിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..