തിരുവനന്തപുരം > സംസ്ഥാനത്തിന് കുറഞ്ഞ വിലയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാനാകില്ലെന്ന അപ്പലേറ്റ് ട്രിബ്യൂണൽ ഫോർ ഇലക്ട്രിസിറ്റി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി കെഎസ്‌ഇബി. സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറഞ്ഞതിനാൽ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം 12, 983 കോടിയുടെ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. ഇക്കൊല്ലം അത് 15,000 കോടിയിലെത്താനാണ് സാധ്യത. ആഗസ്തിൽ രണ്ട് ദിവസം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നു. അടുത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പ് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീപിച്ചത്. ആദ്യഘട്ട ഹിയറിങ് പൂർത്തിയായി.
2014ൽ ക്ഷണിച്ച 2 കരാറുകളിലായി ജാബുവ പവർ (115, 100 മെഗാവാട്ട് വീതം 2 കരാറുകൾ), ജിണ്ടാൽ പവർ ലിമിറ്റഡ് (150 മെഗാവാട്ട്), ജിണ്ടാൽ ഇന്ത്യ തെർമൽ പവർ ലിമിറ്റഡ് (100 മെഗാവാട്ട്) എന്നീ കമ്പനികളിൽനിന്ന് 2016 മുതൽ 25 വർഷത്തേക്ക് യൂണിറ്റിന് 4 രൂപ 29 പൈസയ്‌ക്ക് വൈദ്യുതി വാങ്ങാനാണ് കെഎസ്‌ഇബി കരാർ ഉറപ്പിച്ചത്. 2023വരെ വൈദ്യുതി വാങ്ങിയെങ്കിലും വൈദ്യുതി റഗുലേറ്ററി കമീഷൻ നടത്തിയ അന്വേഷണത്തിൽ കരാറുകളുടെ നടപടിക്രമം കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ കരാർ മാനദണ്ഡങ്ങൾ ലംഘിച്ചുള്ളതാണെന്നു കണ്ടെത്തിയതിനെ തുടർന്ന് 2023 മേയിൽ കരാറുകൾ റദ്ദാക്കി ഇആർസി ഉത്തരവിറക്കി. മന്ത്രിസഭയുടെ ആവശ്യപ്രകാരം ഇആർസി വിഷയം വീണ്ടും പരിഗണിക്കുകയും കഴിഞ്ഞ ഡിസംബറിൽ കരാർ പുനഃസ്‌ഥാപിച്ചുള്ള ഉത്തരവ് പുറത്തിറക്കുകയും ചെയ്‌തു. ഇതിനെതിരെ ജാബുവ പവർ നൽകിയ അപ്പീലിലാണ് അപ്പലേറ്റ് ഉത്തരവ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..